ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനത്തിന് 1939 ൽ തയ്യാറാക്കിയ കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ ആണ് തമിഴ്നാട് ആശ്രയിക്കുന്നത് എന്ന് കേരളം. പുതിയ ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ ഇല്ലാത്തത് പ്രളയകാലത്ത് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. കേന്ദ്ര ജലകമ്മിഷൻ ഇൻസ്ട്രുമെന്റേഷൻ ഡയറക്ടർ സുനിൽ ജയിൻ നടത്തിയ പരിശോധനയിൽ അണക്കെട്ടിലെ 70 ശതമാനം ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയതായും സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ തയ്യാറാക്കണം എന്ന് 2014 മുതൽ കേരളം സുപ്രീം കോടതി നിയമിച്ച മേൽനോട്ട സമിതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പുതിയ ഷെഡ്യൂൾ തയ്യാറാക്കി അതിന്റെ കരട് കേരളത്തിന് കൈമാറാൻ സമിതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം തമിഴ്നാട് ഇതുവരെയും പാലിച്ചിട്ടില്ല എന്നാണ് കേരളത്തിന്റെ ആരോപണം.
ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും, റൂൾ കേർവിന്റെ കരടും ലഭിച്ചാൽ മാത്രമേ അതിന് മേലുള്ള അഭിപ്രായം അറിയിക്കാൻ കഴിയുകയുള്ളു. അന്തിമ ഓപ്പറേഷൻ ഷെഡ്യൂൾ തയ്യാറാകുന്നതിന് മുമ്പ് മുല്ലപെരിയർ അണക്കെട്ടിന്റെ കീഴ് ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷാ മേൽനോട്ട സമിതി കണക്കിലെടുക്കണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ മുഴുവൻ വിവരണങ്ങളും തമിഴ്നാട് കൈമാറണം. ഇത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായകരമാകും എന്നും കേരളത്തിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈഡ്രോളജി ഡിപ്പാർട്ട്മെന്റ്, കേന്ദ്ര ജലകമ്മിഷൻ എന്നിവയുമായി ചേർന്ന് ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ പുനഃപരിശോധിക്കേണ്ടതിന് പകരം, മുല്ലയ്‌ക്കോടി മഴ അളക്കൽ കേന്ദ്രത്തിൽ നിന്നുള്ള ഡാറ്റ കിട്ടിയില്ല എന്ന് പറഞ്ഞു തമിഴ് നാട് നടപടികൾ വൈകിച്ചു. എന്നാൽ ഒറ്റ കേന്ദ്രത്തിലെ ഡാറ്റ കൊണ്ട് മാത്രം ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ തയ്യാറാക്കാൻ കഴിയില്ല. കേരളത്തിലെ വനം വകുപ്പും, പൊതു മരാമത്ത് വകുപ്പിലെ ഇലക്ട്രോണിക് ഡിവിഷനും ആയി സഹകരിച്ച് മുല്ലപെരിയാർ പരിസരത്ത് ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും മഴ അളക്കൽ സംവിധാനങ്ങളും സ്ഥാപിച്ചു വരികയാണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പഴക്കം ഉള്ള അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിന് ഭൂകമ്പം രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതാണ്. 2012 സുപ്രീം കോടതി ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി അണക്കെട്ടിലെ 60 ശതമാനം ഉപകരണങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം കേന്ദ്ര ജലകമ്മിഷൻ നടത്തിയ പരിശോധനയിൽ അണക്കെട്ടിലെ 70 ശതമാനം ഉപകാരണങ്ങളും പ്രവർത്തിക്കുന്നില്ല എന്നാണ് കണ്ടെത്തിയത്. അണക്കെട്ടിൽ അടിയന്തരമായി രണ്ട് സീസ്മോ ആക്സിലോ ഗ്രാഫുകൾ സ്ഥാപിക്കണം. ഇക്കാര്യത്തിൽ കേന്ദ്ര ജലകമ്മിഷൻ അടിയന്തര നടപടി എടുക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫും, കോതമംഗലം ബ്ളോക്ക് പഞ്ചായത്തിലെ അംഗങ്ങൾ ആയ ഷീല കൃഷ്ണൻകുട്ടി, ജെസ്സി മോൾ ജോസ് എന്നിവർ നൽകിയ റിട്ട് ഹർജിയിൽ ആണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. മുല്ലപെരിയാർ അണക്കെട്ടിലേക്ക് വൈദ്യുതിയും അപ്രോച്ച് റോഡും കേരളം നൽകുന്നില്ല എന്ന തമിഴ്നാട് ആരോപണവും ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ് ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ നിഷേധിച്ചിട്ടുണ്ട്. റിട്ട് ഹർജിയും സത്യവാങ്മൂലവും കോടതി തിങ്കളാഴ്ച പരിഗണിക്കും.
Content Highlights: Kerala files affidavit on Mullaperiyar Dam Issue