ഡോ. രാജശ്രീ എം.എസ്, സുപ്രീം കോടതി | ഫോട്ടോ: മാതൃഭൂമി, എഎൻഐ
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്കി. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്. നിയമപരമായ വിഷയങ്ങളാണ് പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എം.എസ്സും നേരത്തെ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
സംസ്ഥാന നിയമം നിലനില്‍ക്കുമ്പോഴും, യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ 2010ലെ യുജിസി ചട്ടങ്ങള്‍ക്ക് നിര്‍ദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും, അത് നിര്‍ബന്ധമായും നടപ്പാക്കാന്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്ക്കോ ബാധ്യത ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുജിസി ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ സംസ്ഥാന നിയമമാണ് നടപ്പാക്കേണ്ടതെന്ന് 2015ല്‍ ജസ്റ്റിസ്മാരായ എസ്.ജെ മുഖോപാധ്യായ, എന്‍.വി രമണ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചിട്ടുണ്ട്. ഡോ രാജശ്രീ എം എസ്സിനെ വൈസ് ചാന്‍സലര്‍ ആയി നിയമിക്കുമ്പോള്‍ ഈ വിധി ആയിരുന്നു നിലനിന്നിരുന്നത്. 2015ലെ വിധി മൂന്ന് അംഗ ബെഞ്ച് റദ്ദാക്കുകയോ, മാറ്റുകയോ ചെയ്തിട്ടില്ല. 2015ലെ വിധി നിലനില്‍ക്കുമ്പോഴാണ് മറ്റൊരു രണ്ട് അംഗ ബെഞ്ച് ഗുജറാത്തിലെ സര്‍ദ്ദാര്‍ പട്ടേല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ വ്യത്യസ്ത വിധി പുറപ്പടിവിച്ചത്. ഡോ രാജശ്രീ എം എസിന്റെ നിയമനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കുമ്പോള്‍ സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്തിമ വിധി പുറപ്പടിവിച്ച ബെഞ്ച് ഇക്കാര്യം കണക്കിലെടുത്തില്ല. 2015ല്‍ രണ്ട് അംഗ ബെഞ്ച് പുറപ്പടിവിച്ച വിധി ഉയര്‍ന്ന ബെഞ്ച് മാറ്റാത്തിടത്തോളം കാലം മറ്റൊരു രണ്ട് അംഗ ബെഞ്ചിന് വ്യത്യസ്തമായ വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നാണ് കേരളത്തിന്റെ വാദം.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കുന്നതിന് സുപ്രീം കോടതി കണക്കിലെടുത്തത് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവും ആയി ബന്ധപ്പെട്ട കേസിലെ വിധികളാണ്. ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് രാജശ്രീ എം എസ്സിന്റെ കേസ്. ഗുജറാത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര യോഗ്യത പോലും ഇല്ലായിരുന്നുവെന്നും കേരളം പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭേദഗതി ചെയ്ത 2013ലെ യുജിസി ചട്ടങ്ങളില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ സംസ്ഥാനം നിയമം കൊണ്ട് വരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ നിയമസഭാ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചത്. അതിനാല്‍ തന്നെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്.
നിയമനം റദ്ദാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാണ് ഡോ രാജശ്രീ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയിലെ പ്രധാന ആവശ്യം. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന് കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുക ആയിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുനഃപരിശോധന ഹര്‍ജികള്‍ ജസ്റ്റിസ് മാരായ എം ആര് ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേമ്പറില്‍ ആണ് പരിഗണിക്കുക.
Content Highlights: kerala filed review petition in supreme court against verdict canceling the appointment of VC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..