ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി സമരം തുടരുന്ന കര്‍ഷകര്‍ക്കായി കേരളം കൈമാറിയ പൈനാപ്പിള്‍ മധുരത്തിന് അനുമോദനവും ഒപ്പം നന്ദിയും. സമരപ്പന്തലില്‍ വിതരണം ചെയ്യാന്‍ പതിനാറ് ടണ്ണോളം കൈതച്ചക്കയാണ് വ്യാഴാഴ്ച കേരളത്തില്‍നിന്ന് കയറ്റിയയച്ചത്. ഡോ. അമര്‍ബിര്‍ സിങ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പൈനാപ്പിളുമായെത്തുന്ന ട്രക്കിന്റെ ഫോട്ടോയ്ക്ക് കീഴെ കേരളത്തിന്റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്.  

ദുരിതകാലങ്ങളില്‍ കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നതായും സ്‌നേഹം സ്‌നേഹത്തെ ക്ഷണിച്ചു വരുത്തുമെന്നും  ട്രക്കിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് അമര്‍ബിര്‍ സിങ് കുറിച്ചു. ലോക്ഡൗണ്‍ കാലത്ത് പൈനാപ്പിള്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വകവെക്കാതെ അവര്‍ നല്‍കിയ സ്‌നേഹത്തെ നിരവധി പേര്‍ അഭിനന്ദിച്ചു. 

വിതരണത്തിനുള്ള കൈതച്ചക്കയുടെ വിലയും ഡല്‍ഹിയിലെത്തിക്കുന്നതിന്റെ ചെലവും സംസ്ഥാനത്തെ പൈനാപ്പിള്‍ ഫാമേഴ്‌സ് അസ്സോസിയേഷനാണ് വഹിക്കുന്നത്. പൈനാപ്പിള്‍ പട്ടണമെന്നറിയപ്പെടുന്ന വാഴക്കുളത്ത് നിന്ന് സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിച്ചേരും. 

കേരളത്തില്‍നിന്നുള്ള എം.പിമാരായ ഡീന്‍ കുര്യാക്കോസ്, കെ.കെ. രാഗേഷ് എന്നിവര്‍ ഡല്‍ഹി ഗുരുദ്വാരയിലെ ഹര്‍ഭജന്‍ സിങ്ങുമായി ചേര്‍ന്നാണ് പൈനാപ്പിള്‍ വിതരണം നടത്തുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക സമരമാണിതെന്നും എല്ലാവരുടേയും നന്മയ്ക്കായി കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പെനാപ്പിള്‍ ഫാമേഴ്‌സ് അസ്സോസിയേഷന്‍ നേതാവ് ജെയിംസ് തോട്ടുമുറിയില്‍ അറിയിച്ചു. 

Content Highlights: Kerala Farmers Send Truck Full of Pineapples to Show Solidarity to Protesters in Delhi