കോഴിക്കോട്: കേരളത്തിലെ ഡോക്ടര്‍മാരുടെ ശരാശരി ആയുസ്സ് പൊതുജനങ്ങളേക്കാള്‍ കുറവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട്. ഐഎംഎ റിസേര്‍ച്ച് സെല്‍ നടത്തിയ പഠനത്തിലാണ് ഡോക്ടര്‍മാരുടെ ആയുസ്സ് കേരളത്തിലെ പൊതുജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ഇവരില്‍ ഭൂരിഭാഗവും ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നും കാന്‍സര്‍ ബാധിച്ചുമാണ് മരണപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ശരാശരി ഇന്ത്യക്കാരന്റെ ആയുര്‍ദൈര്‍ഘ്യം 67.9 വയസ്സാണ്. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം. മലയാളിയുടെ  ശരാശരി ആയുസ്സ് 74.9 ആണ്. എന്നാല്‍ ദേശീയ ശരാശരിയേക്കാളും സംസ്ഥാന ശരാശരിയേക്കാളും വളരെ പുറകിലാണ് കേരളത്തിലെ ഡോക്ടര്‍മാരുടെ ആയുസ്സ്. 61.75 ആണ് മലയാളി ഡോക്ടറുടെ ശരാശരി ആയുര്‍ദൈര്‍ഘ്യമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

2007നും 2017നും ഇടയിലെ പത്ത് വര്‍ഷക്കാലയളവില്‍ നടത്തിയ പഠനത്തിലാണ് അവിശ്വസനീയ വിവരമുള്ളത്.

മരിച്ച ഡോക്ടര്‍മാരില്‍ 87% പുരുഷന്‍മാരും 13%സ്ത്രീകളുമായിരുന്നു. 25% കാന്‍സര്‍ ബാധിച്ചുും 2% പകര്‍ച്ചവ്യാധി മൂലവുമാണ് മരണപ്പെടുന്നത്. 2% ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്തവരാണെന്നും പഠനം വ്യക്തമാക്കുന്നു.

അതേസമയം ആയുര്‍ദൈര്‍ഘ്യം കുറയുന്നതിന്റെ കാരണത്തെ കുറിച്ച് പഠനത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. 

എന്നാല്‍ മാനസിക സമ്മര്‍ദ്ദമാണ് ആയുര്‍ദൈര്‍ഘ്യം കുറയാനുള്ള കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ദീര്‍ഘ നേരത്തെ ജോലിയും സമ്മര്‍ദ്ദവും രോഗികളുടെ എണ്ണക്കൂടുതലുമെല്ലാം ഡോക്ടര്‍മാരുടെ ആരോഗ്യത്തെ ബാധിക്കുന്നു. മറ്റ് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡോക്ടര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലി സമ്മര്‍ദ്ദം കുറവാണെന്നതും കാരണമാണ്. 

അതിസമ്മര്‍ദ്ദം പ്രമേഹവും ഹൃദേരോഗ സാധ്യതയും ഡോക്ടര്‍മാരില്‍ വര്‍ധിക്കുന്നതിന് കാരണമാവുന്നുവെന്ന് ഐഎംഎ പ്രസിഡന്റ് ഡോ കെകെ അഗര്‍വാള്‍ പറയുന്നു.