പ്രതീകാത്മ ചിത്രം | ഫോട്ടോ: രതീഷ് പി.പി
ന്യൂഡല്‍ഹി : ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഡിസംബര്‍ 22 മുതല്‍ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള മാനദണ്ഡം ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കാണ് ഈ ആവശ്യം ഉന്നയിച്ച് കേരളം കത്ത് നല്‍കിയത്.
ഡിസംബര്‍, ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ചില കോവിഡ് മരണങ്ങള്‍ ഔദ്യോഗിക രേഖകകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നത്.
ഡിസംബര്‍ 22 വരെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 22 ന് ശേഷം മരിച്ചവരില്‍ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഈ മാറ്റം സംസ്ഥാന സര്‍ക്കാര്‍ എന്തിന് വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പെടുത്താന്‍ വിട്ടുപോയിട്ടുള്ള മരണങ്ങള്‍ ഇനിയും സംസ്ഥാന സര്‍ക്കാരിന് കൂട്ടിച്ചേര്‍ക്കാവുന്നതേ ഉള്ളു. മഹാരാഷ്ട്ര, ബീഹാര്‍ സര്‍ക്കാരുകള്‍ക്ക് വിട്ടുപോയ കോവിഡ് മരണങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Content Highlight: Kerala Covid death data Unreliable : Central govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..