ന്യൂഡല്‍ഹി: കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്ന് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളം അടുത്ത അഞ്ച്-പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. 

'കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ ചില മേഖലകളില്‍ വലിയ തോതില്‍ താലിബാന്‍വത്കരണം നടക്കുന്നുണ്ട്. അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും', കണ്ണന്താനം പറഞ്ഞതായി എഎന്‍ഐ ട്വീറ്റ് ചെയ്തു. 

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറല്‍ സെക്രട്ടറി കത്തയച്ചിരുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണവും വന്നിരിക്കുന്നത്. 

സെപ്തംബര്‍ ഒമ്പതിനാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി നേതൃത്വവും രംഗത്തെത്തി. പാലാ ബിഷപ്പ് പറഞ്ഞത് പ്രസക്തമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ലോകം മുഴുവന്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. നാര്‍ക്കോട്ടിക് ജിഹാദില്‍ സാധൂകരിക്കാവുന്ന തെളിവുകളുണ്ടെന്നും പാലാ ബിഷപ്പ് പറയുന്നത് കേരളം ചര്‍ച്ച ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.