ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധിപറയും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന ഹര്‍ജിയിലാണ് നാളെ കോടതി വിധിപറയുക. 

രാവിലെ 10.30ന് സുപ്രീം കോടതി കേസില്‍ വിധിപറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളായ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നീ പ്രതികൾ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിയസഭയ്ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലില്‍ കേരളം വ്യക്തമാക്കിയിരുന്നു.

 

Content Highlights: Kerala Assembly Ruckus: Supreme Court will rule tomorrow on Kerala's plea to withdraw the case