കേരള നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽനിന്ന്| Photo: Mathrubhumi Library
2015 മാര്‍ച്ച് 13. അന്നാണ് കേരള നിയമസഭ അന്നേവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ തടയാന്‍ പ്രതിപക്ഷത്തെ എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ അരയും തലയും മുറുക്കി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് സഭയിലെ ബഹളത്തിന് തുടക്കമായത്. പിന്നെ ഒച്ചപ്പാട്, ബഹളം, ഉന്ത്, തള്ള്, സഭയിലെ സാധനസാമഗ്രികള്‍ നശിപ്പിക്കല്‍ അങ്ങനെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. സ്പീക്കറുടെ ഡയസിനെയും വെറുതെവിട്ടില്ല, തല്ലിത്തകര്‍ത്തു.
ബാര്‍ക്കോഴക്കേസില്‍ അന്ന് ഇടതുപക്ഷത്തിന് മാണി അഴിമതിക്കാരനായിരുന്നു(ഇന്ന് നിലപാടില്‍ മാറ്റമുണ്ട്). അഴിമതിക്കാരനായ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇടതുനിലപാട്. എന്നാല്‍ എങ്ങനെയും മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷവും, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഭരണപക്ഷവുമെത്തി. പിന്നെ നടന്നത് ചരിത്രം. സഭയിലെ അന്നത്തെ കയ്യാങ്കളിയില്‍ 'മികച്ച പ്രകടനം' കാഴ്ചവെക്കാന്‍ സാധിച്ചത് ഇന്നത്തെ വിദ്യാഭ്യാസമന്ത്രി കെ. ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന് തുടങ്ങിയവര്‍ക്കായിരുന്നു.
കയ്യാങ്കളിക്കേസില്‍ ഉള്‍പ്പെട്ട എം.എല്‍.മാര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയതിനു പിന്നാലെ മാണിക്കെതിരായ അഴിമതിയാരോപണത്തിന്റെ ശക്തി കുറഞ്ഞുകുറഞ്ഞുവരുന്നത് കണ്ടു. എന്നാല്‍ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മൂര്‍ച്ച കൂടിക്കൂടിയും വന്നു.
കേസ് സുപ്രീം കോടതിക്ക് മുന്‍പാകെ വന്നതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും വാദത്തിനിടെ കോടതി നടത്തിയ പരാമര്‍ശങ്ങളും
മാണി അഴിമതിക്കാരനാണ്, പക്ഷെ അല്ല- സുപ്രീം കോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍: എം.എല്‍.എ.മാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എം.എല്‍.എമാര്‍ക്ക് എതിരായ കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയിലെത്തിയപ്പോള്‍ നിലപാടുമാറ്റത്തിന്റെ പല പല വേര്‍ഷനുകളാണ് കാണാന്‍ കഴിഞ്ഞത്. അന്ന് യു.ഡി.എഫിലായിരുന്ന കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിനു ശേഷം ഇപ്പോള്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫിലാണ്. ജോസിനെ മുന്നണിയിലിരുത്തി മാണിയെ അഴിമതിക്കാരനെന്ന് വിളിക്കുന്നതിലെ ഔചിത്യക്കുറവാണ് നിലപാടുമാറ്റത്തിന് പിന്നിലെ പ്രേരകശക്തിയായത്.
സംസ്ഥാന സര്‍ക്കാര്‍ നിലപാട്-1
5 ജൂലായ് 2021- പ്രതിഷേധിച്ചത് അഴിമതിക്കാരനായ മാണിക്കെതിരെ: അഴിമതിക്കേസ് നേരിട്ടിരുന്ന മുന്‍ ധനമന്ത്രി (കെ.എം. മാണി)ക്കെതിരേയാണ് എം.എല്‍.എ.മാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്ന് നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷേധിക്കാന്‍ എം.എല്‍.എ.മാര്‍ക്ക് അവകാശമുണ്ടെന്നും സഭയ്ക്കകത്തെ പ്രവൃത്തികള്‍ക്ക് ക്രിമിനല്‍ വിചാരണ നടത്തേണ്ടകാര്യമില്ലെന്നും ജൂലായ് അഞ്ചിന് നടന്ന വാദത്തിനിടെ സര്‍ക്കാര്‍ വാദിച്ചു.
ആരോപണ വിധേയരായ എം.എല്‍.എ.മാര്‍ക്കെതിരേ സഭാ ചട്ടപ്രകാരം നടപടിയെടുത്തിരുന്നതായി സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ വ്യക്തമാക്കി. എം.എല്‍.എ.മാരെ ഒരാഴ്ച സസ്പെന്‍ഡ് ചെയ്തതുമാണ്. അതിനാല്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരമുള്ള കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, ഇതിനോട് ശക്തമായ വിയോജിപ്പാണ് സുപ്രീംകോടതി അറിയിച്ചത്. ധനമന്ത്രിക്കെതിരേ അഴിമതിക്കുറ്റമുണ്ടായിരുന്നുവെന്ന് രഞ്ജിത് കുമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മന്ത്രിയുടെ വ്യക്തിത്വത്തിനല്ല ബില്‍ പാസാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കേസ് പിന്‍വലിക്കുന്നതിനെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും എതിര്‍ത്തു. പൊതു സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രത്യേക നിയമമാണ് 'പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമ'മെന്ന് ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മഹേഷ് ജേഠ്മലാനി വാദിച്ചു
നിയമസഭാ കൈയാങ്കളിക്ക് മാപ്പില്ല; എം.എല്‍.എ.മാര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി: വാദം കേട്ട സുപ്രീംകോടതി ആദ്യ ദിവസം തന്നെ ചില രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി. അന്നത്തെ പ്രതിപക്ഷ എം.എല്‍.എ.മാര്‍ നിയമസഭയില്‍ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ല. ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും എം.എല്‍.എ.മാര്‍ വിചാരണ നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. ജനപ്രതിനിധികള്‍ എന്ന നിലയ്ക്ക് സമൂഹത്തിനു സന്ദേശം നല്കാന് എം.എല്‍.എ.മാര്‍ക്ക് ബാധ്യതയുണ്ട്. ഇതുപോലുള്ള പെരുമാറ്റത്തില്‍ എന്തുസന്ദേശമാണ് അവര്‍ നല്‍കുന്നതെന്ന് ജസ്റ്റിസ് എം.ആര്. ഷാ ചോദിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജൂലായ് 15-ലേക്ക് മാറ്റി.

സഭയില്‍ തോക്ക് ചൂണ്ടിയാലും പരിരക്ഷയോ- സുപ്രീം കോടതി
നിയമസഭയില്‍ എം.എല്‍.എ. തോക്ക് ചൂണ്ടിയാലും പരിരക്ഷ നല്‍കാനാകുമോയെന്ന് സുപ്രീംകോടതി. ജൂലായ് 15-ന് നടന്ന വാദത്തിനിടെ ആയിരുന്നു സുപ്രീംകോടതി പരാമര്‍ശം. സഭയില്‍ മാത്രമല്ല, നിയമസഭാസമിതികള്ക്ക് മുന്‍പാകെ നടക്കുന്ന നടപടികളിലും അംഗങ്ങള്‍ക്ക് പരിരക്ഷയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത്ത് കുമാര്‍ വാദിച്ചു. അംഗങ്ങളുടെ പ്രതിഷേധവും പ്രസംഗമാണ്. ഫര്‍ണിച്ചര്‍ തകര്‍ക്കുന്നതും പ്രതിഷേധംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയെങ്കില്‍ സഭയ്ക്കകത്ത് എം.എല്‍.എ. റിവോള്‍വര്‍ ചൂണ്ടിയാലും പരിരക്ഷ നല്‍കണമെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. കേസ് പിന്‍വലിക്കുന്നതിലെ പൊതുതാത്പര്യം എന്താണെന്ന് ജസ്റ്റിസ് എം.ആര്. ഷാ ചോദിച്ചു.സഭയിലെ പ്രതിഷേധം രാഷ്ട്രീയപ്രശ്നം മാത്രമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തോട് പ്രതികളായ എം. എല്‍.എ.മാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത, അഡ്വ. പി.എസ്. സുധീര്‍ എന്നിവരും യോജിച്ചിരുന്നു. എം.എല്‍.എ.മാര്‍ക്കുള്ള പ്രത്യേകാവകാശം (പ്രിവിലേജ്) പൊതുമുതല്‍ നശിപ്പിക്കാനും സ്പീക്കറെ ഭീഷണിപ്പെടുത്താനുമുള്ളതല്ലെന്ന് എതിര്‍കക്ഷികളിലൊരാളായ അഡ്വ. ടി. അജിത് കുമാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് മഹേഷ് ജേഠ്മലാനി പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഹാജരായ രമേഷ് ബാബു ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ നിലപാട് 2 (15 ജൂലായ് 2021)
ധനമന്ത്രി അഴിമതിക്കാരനെന്ന് പറഞ്ഞിട്ടില്ല -സര്‍ക്കാര്‍ അഭിഭാഷകന്
അന്നത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പേര് പോലും അറിയില്ലെന്നും നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍. ജൂലായ് 15-ന് നടന്ന വാദത്തിനിടെയാണ് അദ്ദേഹത്തിന്റെ നിലപാടുമാറ്റം. കേസിന്റെ രേഖകള്‍ വായിക്കുക മാത്രമാണ് ചെയ്തത്. കളങ്കിതനായ വ്യക്തിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് എം.എല്‍.എ.മാര്‍ പ്രതിഷേധിച്ചതെന്ന ഭാഗമാണ് താന്‍ വായിച്ചതെന്നും രഞ്ജിത് കുമാര്‍ വ്യക്തമാക്കി.
ധനമന്ത്രി അഴിമതിക്കാരനാണെന്ന് താന്‍ പറഞ്ഞെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ വിളിച്ചിരുന്നു. ധനമന്ത്രിയുടെ പേര് പോലും തനിക്കറിയില്ലെന്ന് മറുപടി നല്‍കിയതായും രഞ്ജിത് കുമാര്‍ പറഞ്ഞു.
content highlights: kerala assembly ruckus case: supreme court rejects kerala government petition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..