സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ-മെയില്‍ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരേയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇരുവര്‍ക്കും എതിരെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും സിസ്റ്റര്‍ അമലയും സിസ്റ്റര്‍ ആനി റോസും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ-മെയില്‍ ചെയ്തിരുന്നു. എന്നാല്‍ ഇ-മെയിലില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പേര് വെളിപ്പെടുത്തിയില്ലെങ്കിലും കന്യാസ്ത്രീകളുടെ നടപടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228-എ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച ഇ-മെയിലിന് ഒപ്പം ചിത്രമുണ്ടായിരുന്നെങ്കിലും അതിജീവിതയുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് കന്യാസ്ത്രീകള്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ ഇ-മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ നടപടി നിയമപരമായി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ- മെയിലിലൂടെ ചിത്രം പങ്കുവെച്ചത് പരാതിക്കാരിയുടെ വിശദാംശം വെളിപ്പെടുത്താന്‍ മനഃപൂര്‍വം ചെയ്തതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. അതിജീവിതയുടെ സഹോദരന് നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..