ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 68 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ കേരളത്തില്‍ മാത്രം 31,445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 22 ശതമാനം അധികമാണ് ഇന്നത്തെ കോവിഡ് കേസുകള്‍. 607 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 4.36 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കേരളത്തില്‍ കഴിഞ്ഞ ദിവസം 215 മരണങ്ങള്‍കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 19,972 ആയി. രണ്ടാംതരംഗം ഉച്ചസ്ഥായിയിലെത്തിയ മേയ് മാസത്തിനുശേഷം ഇതാദ്യമായാണ് കേരളത്തില്‍ പുതിയ രോഗികളുടെ എണ്ണം മുപ്പതിനായിരം കടക്കുന്നതും ടി.പി.ആര്‍. 19-നു മുകളിലെത്തുന്നതും.

കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍. ഇവിടെ 5031 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 216 പേർ മരിക്കുകയും ചെയ്തു.