ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് നാല് ഉറപ്പുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ടാണ് വാഗ്ദാനങ്ങള്‍. സൗജന്യ വൈദ്യുതി വിതരണം ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച കെജ്‌രിവാള്‍ നടത്തിയത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കെജ്‌രിവാളിന്റെ സന്ദര്‍ശനം. 

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി വീതം വിതരണം ചെയ്യും എന്നതാണ് പ്രധാന വാഗ്ദാനം. എല്ലാവരുടെയും പഴയ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെ സംസ്ഥാന തലസ്ഥാനത്ത് എത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനങ്ങള്‍. തന്റെ വാക്കുകള്‍ വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു.