ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പരിശോധനാഫലം നെഗറ്റീവാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷംമുതല്‍ അദ്ദേഹത്തിന് പനിയും തൊണ്ടവേദനവും അനുഭവപ്പെട്ടിരുന്നു. കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളാണ് ഇവ എന്നതിനാല്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ഛദ്ദ പറഞ്ഞു. ഞായറാഴ്ച ഉച്ചമുതല്‍ ആരുമായും അടുത്ത് ഇടപഴകാതെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രമേഹ രോഗബാധിതന്‍ ആയതിനാല്‍ തങ്ങള്‍ക്ക് കടുത്ത ആശങ്ക ഉണ്ടായിരുന്നുവെന്നും രാഘവ് ഛദ്ദ പറഞ്ഞു.

മന്ത്രിസഭാംഗങ്ങളുമായും ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഞായറാഴ്ച കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെ നടത്തിയ ഡിജിറ്റല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഡല്‍ഹിയിലെ ആശുപത്രികളില്‍ കോവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുകയും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ പിന്നീട് ഇതുസംബന്ധിച്ച ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് ഡല്‍ഹി മുഖ്യമന്ത്രിക്കുതന്നെ കോവിഡ് ബാധ സംശയിക്കുന്ന സാഹചര്യമുണ്ടായത്.

Content Highlights: Kejriwal tests negative for Covid-19