ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്.ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രിയുടെ കുത്തിയിരിപ്പ് സമരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായ് എന്നിവരാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതയിലെ കാത്തിരിപ്പു മുറിയില്‍ പ്രതിഷേധിക്കുന്നത്.

ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 

തിങ്കളാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ആവശ്യമുന്നയിച്ചതിനു ശേഷമാണ് ഗവര്‍ണറുടെ വസതിയിലെ സന്ദര്‍ശക മുറിയില്‍ പ്രതിഷേധം ആരംഭിച്ചത്. തിങ്കളാഴ്ച എഎപി എംഎല്‍എമാരും ഗവര്‍ണറുടെ വസതിക്കു മുന്നില്‍ കുത്തിയിരുന്നെങ്കിലും പാതിരാത്രിയോടെ മടങ്ങി. രാവിലെ പത്തുമണിക്ക് അവര്‍ തിരിച്ചെത്തി സമരം തുടരുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തന്റെ ആവശ്യങ്ങള്‍ ഗവര്‍ണര്‍ അംഗീകരിച്ച് ഒപ്പുവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നപരിഹാര ചര്‍ച്ചക്കിടയില്‍ കെജ്‌രിവാളും എഎപി എംഎല്‍എമാരും ഭീഷണിപ്പെടുത്തിയെന്ന് ലഫ്.ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഐഎഎസ് ഓഫീസര്‍മാര്‍ ജോലിയില്‍നിന്ന് വിട്ടുനിന്നതായുള്ള കെജ്‌രിവാളിന്റെ ആരോപണം ഓഫീസ് നിഷേധിച്ചു.

Content Highlights: Kejriwal stages sit-in protest, Lt. Governor's house