ന്യൂഡല്‍ഹി: 34 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനും പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആരാണെങ്കിലും, ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍. 

അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആരാണെങ്കിലും ഏത് പാര്‍ട്ടിക്കാരനാണെങ്കിലും തക്കതായ ശിക്ഷ നല്‍കണം. എഎപിയില്‍ നിന്നുള്ള ആരെയെങ്കിലുമാണ് കുറ്റക്കാരനായി കണ്ടെത്തുന്നതെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണം. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല.-കെജ്‌രിവാള്‍ പറഞ്ഞു. 

ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന് കലാപത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് കലാപകാരികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. 

എന്നാല്‍ കലാപത്തില്‍ പങ്കുണ്ടെന്ന കാര്യം താഹിര്‍ ഹുസൈന്‍ നിഷേധിച്ചിരുന്നു. കലാപ ബാധിതമായ മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് നെഹ്‌റു വിഹാര്‍.

Content Highlights: Aravind Kejriwal on allegations against AAP leader in Delhi riots