ന്യൂഡല്‍ഹി: 500,1000 നോട്ടുകൾ അസാധുവാക്കിയതിന്റെ മറവില്‍ വന്‍ അഴിമതിയാണ് രാജ്യത്ത് നടന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. 

ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും അടുത്ത ആളുകള്‍ക്ക് നോട്ട് റദ്ദാക്കലിനെപ്പറ്റി നേരത്തെ വിവരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിക്കും മുന്‍പേ തന്നെ ബിജെപിയുടെ സുഹൃത്തുകള്‍ക്ക് ഇതേപ്പറ്റി കൃത്യമായ വിവരം ലഭിച്ചു - ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കെജ്‌രിവാള്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞത്........

വന്‍ അഴിമതിയാണ് നോട്ട് റദ്ദാക്കലിന്റെ മറവില്‍ നടക്കുന്നത്.  ഖജനാവില്‍ അല്ല, പാവപ്പെട്ടവരുടെ കൊച്ചു സമ്പാദ്യങ്ങളിലാണ് നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്.

ജൂലായ്ക്കും സപ്തംബറിനും ഇടയില്‍ വന്‍തോതില്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കപ്പെട്ടിരുന്നു. നോട്ട് പിന്‍വലിക്കുന്ന വിവരം തങ്ങളുടെ സുഹൃത്തുകളെ ബിജെപി അറിയിച്ചത് കൊണ്ടാണ് ഇത് സംഭവിച്ചത്. 

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കും മുന്‍പേ ബിജെപിയുടെ പഞ്ചാബ് ലീഗല്‍ സെല്‍ തലവന്‍ സഞ്ജീവ് കാംബോജ് പുതിയ 2000 രൂപ നോട്ടുകളുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വന്നത് ഇതിന് തെളിവാണ്. 

നിങ്ങള്‍ 10 കോടി രൂപയുടെ കള്ളപ്പണം ബാങ്കിലിട്ടാല്‍ മുപ്പത് ശതമാനം നികുതിയും 200 ശതമാനം പിഴയും ചേര്‍ത്ത് ഒന്‍പത് കോടി സര്‍ക്കാരിലേക്ക് പോകും. ബാക്കി ഒരു കോടി നിങ്ങള്‍ക്ക് ലഭിക്കും. ഏത് കള്ളപ്പണക്കാരനാണ് ഇങ്ങനെ കൈവശമുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ പോകുന്നത് 

നിലവിലെ അവസ്ഥയില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്‍പില്‍ അതിരാവിലെ മുതല്‍ ക്യൂ നില്‍ക്കുകയാണ് അവര്‍. നമ്മുടെ സാമ്പത്തികവ്യവസ്ഥയില്‍ വന്‍ആഘാതമാണ് നോട്ട് അസാധുവാക്കുന്നതിലൂടെ ഉണ്ടാക്കാന്‍ പോകുന്നത്. വമ്പിച്ച തൊഴിലിലായ്മയിലേക്കാണ് ഇത് നയിക്കുക. ജനങ്ങള്‍ക്ക് വ്യവസ്ഥിതിയിലുള്ള വിശ്വാസം നശിച്ചാല്‍ അത് നല്ലതിനായിരിക്കില്ല 

നിലവിലുള്ള എടിഎമ്മുകളില്‍ പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളില്ല. എങ്ങനെയാണ് രാജ്യത്തെ ലക്ഷകണക്കിന് എടിഎമ്മുകളില്‍  ചുരുങ്ങിയ സമയം കൊണ്ട് ഈ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരിക. ഇതൊക്കെ അവര്‍ക്ക് നേരത്തെ അറിയാം. അറിഞ്ഞു കൊണ്ട് വരുത്തിവച്ച പ്രതിസന്ധിയാണിത്. 

ആരെങ്കിലും രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ 200 ശതമാനം പിഴ ഈടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്താണിതിന്റെ അര്‍ത്ഥം. ആളുകള്‍ പൈസ ബാങ്കിലിട്ടരുതെന്നാണോ....?

രണ്ടരലക്ഷത്തില്‍ കൂടുതല്‍ ബാങ്കിലിട്ട ഒരാളേയും സര്‍ക്കാര്‍ വെറുതെ വിടില്ലെന്നാണ് ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത്. എന്നാല്‍ 2500 കോടി നിക്ഷേപിക്കുന്നവരെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടിയതുമില്ല.

ആരാണ് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ രാപ്പകല്‍ വരി നില്‍ക്കുന്നത്. അത് വീട്ടമ്മമാരാണ്, ചെറുകിട വ്യാപാരികളാണ്, കൃഷിക്കാരും, കൂലിപ്പണിക്കാരുമാണ്. അവരാരുമല്ല നികുതി വെട്ടിപ്പ് നടത്തിയത്.