ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ സിങ്കപ്പുര്‍ വകഭേദത്തെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശത്തിനെതിനെതിരെ പ്രതിഷേധമറിയിച്ച് സിങ്കപ്പുര്‍. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് സിങ്കപ്പുര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കെജ്‌രിവാളിന്റെ പ്രതികരണത്തെ അപലപിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയവും രംഗത്തെത്തി. 

സിങ്കപ്പുരില്‍ കണ്ടെത്തിയ വകഭേദം ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാംതരംഗത്തിന് കാരണമായേക്കും. കുട്ടികളില്‍ രോഗമുണ്ടാക്കുന്ന ഈ വകഭേദം വളരെ വേഗം വ്യാപിക്കുമെന്നതിനാല്‍ സിങ്കപ്പൂരില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് ഉടന്‍ നിര്‍ത്തണമെന്നായിരുന്നു കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

ഇതിനെതിരെയാണ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. കോവിഡിനെ നേരിടുന്നതില്‍ സിങ്കപ്പുരും ഇന്ത്യയും തമ്മില്‍ ശക്തമായ സഹകരണമാണ് പുലര്‍ത്തുന്നത്. ഓക്‌സിജന്‍ വിതരണത്തിലും മറ്റ് സഹായങ്ങളിലും സിങ്കപ്പുരിന്റെ ഇടപടെലുകളെ പ്രശംസിക്കേണ്ടതുണ്ട്. ഇന്ത്യയെ സഹായിക്കാനായി സൈനിക വിമാനങ്ങളെ വിന്യസിക്കാന്‍ പോലും തയ്യാറായ സിംഗപ്പുരിന്റെ നടപടി നമ്മുടെ അസാധാരണമായ സഹകരണത്തേയും ബന്ധത്തേയും സൂചിപ്പിക്കുന്നു.

ഇത്തരം സാഹചര്യത്തില്‍ നിരുത്തരവാദിത്തപരമായ പ്രതികരണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കും. ഇത് ഏറ്റവും നന്നായി അറിയുന്ന ആളുകളില്‍ നിന്നുതന്നെ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണ്. ഡല്‍ഹി മുഖ്യമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. 

അതേസമയം, പുതിയ വകഭേദം സിങ്കപ്പുരില്‍ ഉണ്ടെന്നതില്‍ വാസ്തവമില്ലെന്നും സിങ്കപ്പുരില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളെല്ലാം നേരത്തെ കണ്ടെത്തിയ വകഭേദം തന്നെയാണെന്നും ഇന്ത്യയിലെ സിങ്കപ്പുര്‍ എംബസി വ്യക്തമാക്കി.

Content Highlights: Kejriwal Doesn't Speak for India, Says Govt as Singapore Slams New Variant Remark