ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ നടത്തിയ ആരോപണത്തില്‍ ക്ഷമാപണം നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഗഡ്കരിക്ക് കെജ്രിവാള്‍ കത്തയച്ചു.

താങ്കളെക്കുറിച്ച് ഞാന്‍ ചില പ്രസ്താവനകള്‍ നടത്തിയത് കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെയായിരുന്നു. താങ്കളോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ല. ഇത്തരമൊരു സംഭവത്തില്‍ ഞാന്‍ ഖേദിക്കുന്നു. ഈ പ്രശ്‌നം നമുക്ക് ഇവിടെവെച്ച് അവസാനിപ്പിക്കുകയും കോടതി നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യാം- അദ്ദേഹം കത്തില്‍ പറയുന്നു.

കെജ്രിവാളിന്റെ ക്ഷമാപണത്തെ തുടര്‍ന്ന് ഗഡ്കരി നല്‍കിയ മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന് പട്യാല ഹൗസ് കോടതിയില്‍ ഇരുവരും ചേര്‍ന്ന് സംയുക്ത ഹര്‍ജി നല്‍കി. 

2014ല്‍ ആണ് ഗഡ്കരിയെക്കുറിച്ച് കെജ്രിവാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഗഡ്കരി കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു.

മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിങ് മാജീദിയക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ നേരത്തെ കെജ്രിവാള്‍ മാപ്പ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഭഗവന്ത് മന്‍ എഎപിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചിരുന്നു.

Content Highlights: Arawind Kejriwal, apology on defamation, Nitin Gadkari