അരവിന്ദ് കെജ്രിവാൾ, യോഗി ആദിത്യനാഥ്| Photo: ANI
ന്യൂഡല്‍ഹി: ട്വിറ്ററില്‍ കൊമ്പ് കോര്‍ത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹിയും മഹാരാഷ്ട്രയും അതിഥിതൊഴിലാളികളെ അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിച്ചതാണ് രാജ്യത്ത് കോവിഡ് വ്യാപനമുണ്ടാകാന് കാരണമായതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇരുവരും ട്വിറ്ററിലൂടെ കൊമ്പു കോര്‍ത്തത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹിയും മഹാരാഷ്ട്രയും അതിഥിതൊഴിലാളികളെ അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിച്ചതാണ് രാജ്യത്ത് കോവിഡ് വ്യാപനമുണ്ടാകാന് കാരണമായതെന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് ശുദ്ധ നുണയാണ്- കെജ്രിവാള് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവന ശുദ്ധനുണയാണ്. കോവിഡിന്റെ വ്യാപനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരോടും ദുരിതമനുഭവിക്കുന്നവരോടും പ്രധാനമന്ത്രി കുറച്ചു കൂടി സഹിഷ്ണുത കാണിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളോട് രാഷ്ട്രീയം കളിക്കുന്നത് അദ്ദേഹത്തിന് ചേരുന്നതല്ല.- കെജ്രിവാള് ട്വീറ്റ് ചെയ്തു.
ആം ആദ്മി പാര്‍ട്ടിയും പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം കെജ്രിവാളിന്റെ പ്രസ്താവനക്ക് പിന്നാലെ വിഷയം ഏറ്റെടുത്തുകൊണ്ട് യോഗി ആദിത്യനാഥ് രംഗത്തെത്തി.
പ്രധാനമന്ത്രിയെക്കുറിച്ച് കെജ്രിവാള് നടത്തിയ പ്രസ്താവന അപലപനീയമാണ്. കെജ്രിവാള് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം. ഗോസ്വാമി തുളസീദാസിന്റെ രാമചരിതമനസ്' എന്ന ഗ്രന്ഥത്തിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
കെജ്രിവാളിന് നുണകള്‍ പറയാനുള്ള കഴിവുണ്ട്. രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊറോണ മഹാമാരിക്കെതിരേ പോരാടുമ്പോള്‍ കെജ്രിവാള് അതിഥി തൊഴിലാളികള്‍ക്ക് ഡല്‍ഹിക്ക് പുറത്തേക്ക് പോകാനുള്ള വഴി കാണിച്ചു കൊടുക്കുകയായിരുന്നു.
വൈദ്യുതിയുടേയും വെള്ളത്തിന്റെയും ബന്ധം വിച്ഛേദിക്കുകയും ഉറങ്ങിക്കിടന്ന അതിഥിതൊഴിലാളികളെ ബസുകളില്‍ കയറ്റി ഉത്തര്‍പ്രദേശിലേക്ക് വിടുകയുമായിരുന്നു. യു.പിയിലേക്കും ബിഹാറിലേക്കും ബസുകള്‍ ഉണ്ടെന്ന് ആനന്ദ് വിഹാറില്‍ അനൗണ്‍സ്മെന്റ് നടത്തി. കുടിയേറ്റ തൊഴിലാളികള്‍ക്കായി യു.പി. സര്‍ക്കാര്‍ ബസുകള്‍ ഏര്‍പ്പാട് ചെയ്യുകയും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരികയും ചെയ്തു,' - ആദിത്യനാഥ് ട്വീറ്റില്‍ പറയുന്നു.
ശ്രദ്ധിക്കൂ കെജ്രിവാള്, കൊറോണയില്‍ രാജ്യം വേദനിക്കുമ്പോള്‍ യു.പിയില്‍നിന്നുള്ള തൊഴിലാളികളെ ഡല്‍ഹിയില്‍ വിടാന്‍ നിര്‍ബന്ധിച്ചു. അര്‍ധരാത്രിയില്‍ സ്ത്രീകളേയും കുട്ടികളേയും യു.പി. അതിര്‍ത്തിയില്‍ നിസ്സഹായരായി വിട്ടത് ജാനിധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവുമാണ്. നിങ്ങളെ രാജ്യദ്രോഹി എന്ന് വിളിക്കുമോ അതോ...'' എന്നായിരുന്നു ട്വീറ്റ്.
പിന്നാലെ, യോഗി ആദിത്യനാഥിനെതിരേ വിമര്‍ശനവുമായി കെജ്രിവാള് രംഗത്തെത്തി.
ശ്രദ്ധിക്കൂ യോഗി, യു.പിയിലെ ജനങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകുമ്പോള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ടൈംസ് മാസികയില്‍ പരസ്യം നല്‍കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത്രയും നിര്‍ദയനായ, ക്രൂരനായ ഭരണാധികാരിയെ ഞാന്‍ കണ്ടിട്ടില്ല- കെജ്രിവാള് ട്വീറ്റ് ചെയ്തു.
അതേസമയം പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരണവുമായി എത്തി. ആരാണ് രാജ്യത്ത് കൊറോണ വൈറസ് കൊണ്ടുവന്നതെന്ന് അദ്ദേഹം ചോദിച്ചു. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നെങ്കിലും അതൊന്നും നടന്നില്ലെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്താപ് പറഞ്ഞു.
Content Highlights: kejriwal and yogi heated exchange in twitter on PMs statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..