അരവിന്ദ് കേജ്രിവാൾ | Photo: ANI
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പങ്കെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. അഴിമതിയിലൂടെ കണ്ടെത്തിയ പണം എ.എ.പി. ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇ.ഡി. പറയുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നൂറു കോടി രൂപ വിജയ് നായര്‍ എന്നയാള്‍ വാങ്ങിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എ.എ.പിയുടെ കമ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജാണ് വിജയ് നായര്‍. കെജ്‌രിവാളിനുവേണ്ടി വിജയ് നായര്‍ സ്വന്തം ഫോണില്‍നിന്ന് സമീര്‍ മഹേന്ദ്രു എന്ന മദ്യക്കമ്പനി ഉടമയെ വീഡിയോ കോള്‍ ചെയ്യുകയും കെജ്‌രിവാളുമായി ഇയാള്‍ സംസാരിക്കുകയും ചെയ്തതായി ഇ.ഡി. പറയുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പ്രതിഫലമായി വിജയ് നായര്‍ നൂറു കോടി രൂപ ഇയാളില്‍നിന്ന് വാങ്ങി. ഈ പണം എ.എ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
'വിജയ് എന്റെ അടുത്ത ആളാണ്, നിങ്ങള്‍ക്ക് അയാളെ വിശ്വസിക്കാ'മെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഫോണ്‍ സംഭാഷണത്തില്‍ സമീര്‍ മഹേന്ദ്രുവിനോട് പറഞ്ഞതായും ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നു. മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി കെജ്‌രിവാളിനെയും കേസുമായി ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം പൂര്‍ണമായും കെട്ടുകഥയാണെന്ന് കെജ്‌രിവാള്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയ്യായിരം കേസുകള്‍ വേണമെങ്കിലും എടുക്കാം. സര്‍ക്കാരുകളെ അട്ടിമറിക്കാനും എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാനുംവേണ്ടിയാണ് ഇ.ഡി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്, കെജ്‌രിവാള്‍ പറഞ്ഞു.
Content Highlights: Kejriwal also involved in liquor policy scam, 100 crores used for Goa elections - ED
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..