ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 13 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. 

പല രാജ്യങ്ങളും ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് നമ്മള്‍ വൈകുന്നത്? കോവിഡ് ഒന്നാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ വൈകിയിരുന്നെന്നും കെജ്രിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. മിക്ക അന്താരാഷ്ട്ര വിമാനങ്ങളും ഡല്‍ഹിയിലേക്കാണ് എത്തുന്നത്. അതിനാല്‍ ഇത് ഏറ്റവും ബാധിക്കുന്നതും ഡല്‍ഹിയെയാണ്. അതിനാല്‍ ദയവായി എത്രയും വേഗം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയോട് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മുപ്പത്തിയൊന്‍പതുകാരന് ചണ്ഡീഗഡില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കും വൈറസ് ബാധയുണ്ടായി. സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയക്കുമെന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന.

പുതിയ വകഭേദത്തിനെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കെ നഗരത്തിലെ ആശുപത്രികള്‍ സുസജ്ജമാണോയെന്ന് വിലയിരുത്താന്‍ കെജ്രിവാള്‍ ഇന്ന് അവലോകന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Content Highlights: kejrival urges primeminister to stop international flights due to omicron threat