ന്യൂഡല്‍ഹി: ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ലെന്ന് പിന്നോക്ക വിഭാഗക്കാരോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവില്‍ വിളിച്ചു ചേര്‍ത്ത വിശ്വകര്‍മ വിഭാഗത്തിലുള്ളവരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവര്‍ ശ്രീരാമന് എതിരായി നില്‍ക്കുന്നവരാണ്. അവര്‍ വിശ്വാസത്തെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത് സംസ്ഥാനത്തെ സാമൂഹിക ഘടനയെ തകര്‍ക്കുകയും വികസനത്തെ ഇല്ലാതാക്കുകയും സംസ്ഥാനത്തെ കലാപങ്ങളുടെ തീയിലേക്ക് എറിഞ്ഞുകൊടുക്കുകയുമാണ്. 

ഇത്തരത്തിലുള്ള തീവ്രവാദത്തിന് കുടപിടിക്കുകയും കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രാമദ്രോഹികളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നിങ്ങളുടെയും വരും തലമുറയുടെയും മികച്ച ഭാവിക്ക് നല്ലതെന്നും യോഗി പറഞ്ഞു. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി വിളിച്ചു ചേര്‍ത്ത വിശ്വകര്‍മ വിഭാഗത്തിലുള്ളവരുടെ യോഗത്തിലായിരുന്നു യോഗിയുടെ പരാമര്‍ശം.

ചിലര്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വലിയ തടസങ്ങള്‍ സൃഷ്ടിച്ചു. രാമഭക്തരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാലിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. യു.പിയിലെ ക്രമസമാധാന നില തന്റെ ഭരണകാലത്ത് മെച്ചപ്പെട്ടതായും യോഗി പറഞ്ഞു.

Content Highlights: Keep away from 'Ram-drohis': Adityanath at backward classes  gathering