ഹൈദരാബാദ്: രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ രണ്ടാഴ്ചക്കാലം കൂടി നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചതായി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൊറോണവ്യാപനവും അതിനോടനുബന്ധിച്ചുള്ള ലോക്ക് ഡൗണും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെങ്കിലും അത് ഭാവിയില്‍ അതിജീവിക്കാന്‍ സാധിക്കുമെന്നും ജനങ്ങളുടെ ജീവന് സംസരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും ചന്ദ്രശേഖരറാവു മോദിയെ അറിയിച്ചു.
ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വിമുക്തമാവുമെന്ന് ചന്ദ്രശേഖരറാവു നേരത്തെ പറഞ്ഞിരുന്നു. നിരീക്ഷണത്തിലുള്ളവരും ചികിത്സയിലുള്ളവരുമായി ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവരും ഏപ്രില്‍ ഏഴോടെ പുറത്തിറങ്ങുമെന്നും സംസ്ഥാനം പൂര്‍ണമായി രോഗബാധയില്‍ നിന്ന് മുക്തമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെലങ്കാനയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ പ്രവേശനം തടഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനത്തിനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ നിലവില്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 172 പേര്‍ക്ക് തെലങ്കാനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാഹചര്യം മാറിയിരിക്കുകയാണ്. ഏപ്രില്‍ ആദ്യവാരത്തോടെ കൊറോണമുക്തമാവുമെന്ന മുഖ്യമന്ത്രിയുടെ പ്രത്യാശ അസ്ഥാനത്തായിരിക്കുകകയാണ്. സംസ്ഥാനത്ത് വൈറസ് വ്യാപനത്തിലുണ്ടായേക്കാവുന്ന വര്‍ധനവിന്റെ തോത് നിലവില്‍ കണക്കുകൂട്ടാവുന്നതല്ല. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗബാധ സ്ഥിരീകരിച്ചവരെ കൂടാതെ സ്രവപരിശോധനാഫലം കാത്തിരിക്കുന്നവരുമുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധിയെ കുറിച്ച് വ്യക്തമായി പ്രവചിക്കാനാവില്ല എന്നതാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്നുള്ള ചന്ദ്രശേഖരറാവുവിന്റെ ആവശ്യത്തിന് പിന്നില്‍.
രാജ്യത്തിന്റെ ദുര്‍ബലമായ ആരോഗ്യപരിസ്ഥിതി കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ചന്ദ്രശേഖരറാവു അറിയിച്ചു. മാത്രമല്ല തൊഴിലാളികളുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലായതിനാല്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ എല്ലാവരും പുറത്തിറങ്ങുകയും സാമൂഹികസമ്പര്‍ക്കം പുനരാരംഭിക്കുകയും ചെയ്യും.നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ കോവിഡിന്റെ സാമൂഹികവ്യാപനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് തന്റെ നിഗമനമെന്നും ചന്ദ്രശേഖരറാവു മോദിയെ അറിയിച്ചു.
രാജ്യവ്യാപകമായുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനം നല്ല തീരുമാനമായിരുന്നു. അത് ജനങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്കി. ലോക്ക് ഡൗണ്‍ നീട്ടുന്നത് പ്രതിസന്ധി രൂക്ഷമാവാതിരിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചന്ദ്രശേഖരറാവു വ്യക്തമാക്കി. ആഗോള പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ 22 ലോകരാജ്യങ്ങള്‍ പൂര്‍ണമായും 90 രാജ്യങ്ങള്‍ ഭാഗികമായും ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോക്ക് ഡൗണിനെ കുറിച്ചും അത് കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതിനെ കുറിച്ചും പ്രധാനമന്ത്രി സംസ്ഥാനമുഖ്യമന്ത്രിമാരോട് അഭിപ്രായം തേടിയിരുന്നു. ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള നിര്ദേശങ്ങളറിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..