ചന്ദ്രശേഖര റാവും മുഖ്യമന്ത്രി പിണറായി വിജയനും തേജസ്വി യാദവിനുമൊപ്പം |ഫോട്ടോ:twitter/kcr,pinarayi
ഹൈദരാബാദ്: 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഫെഡറല്‍ മുന്നണി ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ഹൈദരാബാദിലെ ഓഫീസ് സജീവമായി. 2019-ല്‍ നടക്കാതെ പോയ സ്വപ്നം ഇത്തവണ വഴിത്തിരിവിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കെസിആര്‍.
ചൊവ്വാഴ്ച ബിഹാറില്‍ നിന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ആര്‍ജെഡിയുടെ മറ്റു ഉന്നത നേതാക്കളും ചന്ദ്രശേഖര റാവുവിനെ സന്ദര്‍ശിച്ചു. ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിനുള്ള ചില നീക്കങ്ങളാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങളായി പുറത്തുവരുന്നത്.
ഫോണിലൂടെ കെസിആര്‍ ആര്‍ജെഡി സ്ഥാപകന്‍ ലാലുപ്രസാദ് യാവദുമായും ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി.'ബിജെപി-മുക്ത് ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ സഖ്യം രൂപീകരിക്കാനുള്ള കെസിആറിന്റെ ശ്രമങ്ങളെ ലാലു യാദവ് അഭിനന്ദിച്ചതായി ടിആര്‍എസ് നേതാക്കള്‍ പറയുന്നു. തെലങ്കാന സംസ്ഥാന രൂപവത്കരണത്തെ താന്‍ പിന്തുണച്ചിരുന്നുവെന്ന് കെസിആറിനെ ഓര്‍മ്മിപ്പിച്ച ലാലു കെസിആറിന്റെ നേതൃത്വത്തെക്കുറിച്ചും അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പോരാട്ടത്തെക്കുറിച്ചും സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
മുന്‍ ബിഹാര്‍ മന്ത്രി അബ്ദുല്‍ ബാരി സിദ്ദീഖി, മുന്‍ എംഎല്‍എമാരായ സുനില്‍ സിങ്, ഭോലാ യാദവ് എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് തേജസ്വി യാദവ് ഹൈദരാബാദിലെത്തിയത്. ബിജെപിക്കെതിരായി ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ പരസ്പരം ധരിപ്പിച്ചു.
കെസിആറിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു, രാജ്യസഭാ എംപിയുമായ ജോഗിനപ്പള്ളി സന്തോഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുമായും സിപിഐ നേതാക്കളുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു പിണറായി വിജയന് കെസിആറിനെ കണ്ടത്. മൂന്നാം മുന്നണി രൂപീകരണ ചര്‍ച്ചകള്‍ നടന്നതായി സിപിഎം വൃത്തങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നു. കെസിആറിന്റെ ക്ഷണപ്രകാരമായിരുന്നു സിപിഎം നേതാക്കളുടെ കൂടിക്കാഴ്ച.
കഴിഞ്ഞ മാസം ചന്ദ്രശേഖര റാവുവും അദ്ദേഹത്തിന്റെ കുടുംബവും ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കാണുകയുണ്ടായി.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 2018-ല്‍ ബിജെപി-കോണ്‍ഗ്രസ് വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ കെസിആര്‍ സമാനമായ ശ്രമം നടത്തിയിരുന്നു. അന്ന് അദ്ദേഹം ഒരു സ്വകാര്യ വിമാനം വാടകയ്ക്കെടുക്കുകയും വിവിധ നേതാക്കളുമായി കൂടിയാലോചനകള്‍ക്കായി രാജ്യത്തുടനീളം പര്യടനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.
Content Highlights : Telangana Chief Minister Chandrasekhara Rao's office in Hyderabad is targeting a federal front ahead of the 2024 general elections
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..