ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ എന്‍ഡിഎ, യുപിഎ മുന്നണികളെ തള്ളി മൂന്നാം മുന്നണിക്കുള്ള നീക്കം സജീവമാക്കി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഞായറാഴ്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി കൂടിക്കാഴ്ച നടത്തിയ റാവു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അടുത്ത ആഴ്ച കൊല്‍ക്കത്തയിലെത്തി കാണും. 

അത് കഴിഞ്ഞ് ഉത്തര്‍പ്രദേശിലെത്തി മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനേയും മായാവതിയേയും റാവു ഉടന്‍ കണ്ടേക്കും. 

ഞായറാഴ്ച വിശാഖപട്ടണത്തെ രാജശ്യാമള ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് ചന്ദ്രശേഖര റാവു മൂന്നാം മുന്നണി ചര്‍ച്ചയ്ക്കായി ഒഡീഷയിലേക്ക് പോയത്. നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തി. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ നവീന്‍ പട്‌നായിക്  പക്ഷേ ബിജെപി-കോണ്‍ഗ്രസ് ഇതര മുന്നണിയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കൊപ്പം നിന്ന നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാ ദള്‍ (ബിജെഡി) ഉപരാഷ്ട്രതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തേയായിരുന്നു പിന്തുണച്ചിരുന്നത്. 

2019- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ യുപിഎ മുന്നണികള്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ചന്ദ്രശേഖര റാവു കണക്കാക്കുന്നത്. ഈ സാഹര്യത്തില്‍ ഒരു മൂന്നാം കൂട്ടായ്മയ്ക്ക്‌ നിര്‍ണായക ശക്തിയാകാന്‍ സാധിക്കുമെന്നും കെസിആര്‍ കണക്ക് കൂട്ടുന്നു.

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് കോണ്‍ഗ്രസിനെ കൂടെ കൂട്ടാനുള്ള താത്പര്യം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതില്‍ മമതാ ബാനര്‍ജിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ഒപ്പം കൂട്ടാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Content Highlioghts: TRS juggernaut rolls on in 2018, KCR shifts focus to Lok Sabha polls