Photo | ANI
ഭുവനേശ്വര്‍: ഒഡിഷ അപകടത്തിനു പിന്നാലെ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കുന്ന സിഗ്നല്‍ സംവിധാനമായ 'കവചി'നെപ്പറ്റിയുള്ള ചോദ്യങ്ങളാണ് എങ്ങുമുയരുന്നത്. 2022-ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ കൊട്ടിഗ്‌ഘോഷിച്ച് നടത്തിയ കവച് പരീക്ഷണം പ്രഹസനമായിരുന്നോ എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച സംവിധാനമായിരുന്നു കവച്.
എന്താണ് കവച്?
ലളിതമായി പറഞ്ഞാല്‍, ഒരേ പാതയില്‍ പാഞ്ഞെത്തുന്ന രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണ് കവച്. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ (ടി.സി.എ.എസ്.) എന്നും ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (എ.ടി.പി.) എന്നും കവച് അറിയപ്പെടുന്നു. അപകടങ്ങളില്ലാതെ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും എണ്ണം കൂട്ടാനും ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു സുരക്ഷാ സംവിധാനം ഇന്ത്യ അവതരിപ്പിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായി നിര്‍മിച്ചതാണിത്.
ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വരികയാണെന്നിരിക്കട്ടെ. അപകടം മുന്നില്‍ നില്‍ക്കേ, ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാവുന്നില്ല. ഈ സമയത്ത് നിശ്ചിത ദൂരപരിധിയില്‍വെച്ച് ട്രെയിനിന്റെ ബ്രേക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. റേഡിയോ ടെക്‌നോളജി, ജി.പി.എസ്. സംവിധാനം വഴിയാണ് ഇത് സാധ്യമാവുക.
ആപല്‍ഘട്ടങ്ങളില്‍ രണ്ട് ട്രെയിനുകളിലെയും ലോക്കോപൈലറ്റുമാര്‍ പരാജയപ്പെട്ടാലും പ്രശ്‌നമില്ല. കവച് രക്ഷക വേഷമണിയുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. 10,000 വര്‍ഷത്തില്‍ ഒരു തെറ്റ് മാത്രം സംഭവിക്കാനുള്ള സാധ്യതയേ ഇതിനുള്ളൂ എന്നാണ് കവച് നിര്‍മാതാക്കള്‍ നല്‍കിയ ഉറപ്പ്. എസ്.ഐ.എല്‍. നാല് സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
കവചിന്റെ പ്രധാന സവിശേഷതകള്‍:
1. നെറ്റ്‌വര്‍ക്ക് മോണിറ്ററിങ് സിസ്റ്റം വഴി ട്രെയിന്‍ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കും.
2. ഒരേ പാതയില്‍ വരുന്ന ലോക്കോ പൈലറ്റുള്ളതോ ഇല്ലാത്തതോ ആയ ട്രെയിനുകളുടെ കൂട്ടിയിടി കവച് സിഗ്നലിന്റെ പ്രവര്‍ത്തനം വഴി ഇല്ലാതാക്കും.
3. അമിതവേഗത്തെ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് സ്വമേധയാ നിയന്ത്രിക്കും.
4. ലെവല്‍ ക്രോസ് ഗേറ്റുകള്‍ക്ക് സമീപമെത്തുമ്പോള്‍ ഓട്ടോ വിസിലിങ്
5. അത്യാഹിത സമയങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന സന്ദേശം നല്‍കും.
കവച് പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ നേരത്തേ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കേന്ദ്രമന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പരീക്ഷണത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. പരീക്ഷണ ഭാഗമായി രണ്ട് ട്രെയിനുകള്‍ ഒരേ പാതയ്ക്കിരുവശം നിന്ന് പുറപ്പെട്ടു. ലോക്കോ പൈലറ്റുമാര്‍ പക്ഷേ, ട്രെയിന്‍ നിര്‍ത്തിയില്ല. ഇതോടെ കവച് സിഗ്നല്‍ വഴി 380 മീറ്റര്‍ അകലെവെച്ച് ഇരു ട്രെയിനുകളും നിന്നു.
ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനങ്ങളില്‍ ഒന്നാണ് കവചെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്. ഒരു കിലോമീറ്റര്‍ റെയില്‍പ്പാതയില്‍ 50 ലക്ഷം രൂപ എന്ന കണക്കിലാണ് കവച് സുരക്ഷയൊരുക്കാന്‍ വരുന്ന ചെലവ്. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനായി വന്‍ തുകയാണ് ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ കവച് സാങ്കേതികവിദ്യ വഴി ഇന്ത്യ കയറ്റുമതി കൂടി ലക്ഷ്യം കാണുന്നു.
കവച് കൈയൊഴിഞ്ഞതാണോ?
എന്തുകൊണ്ട് കോറോമണ്ഡല്‍ എക്‌സ്പ്രസില്‍ കവച് പ്രവര്‍ത്തനക്ഷമമായില്ല എന്നാണ് നിലവിലെ അപകടസാഹചര്യത്തെ മുന്‍നിര്‍ത്തി ഉയരുന്ന പ്രധാന ചോദ്യം. മൂന്ന് ട്രെയിനുകളും പാളം തെറ്റിയതിനാല്‍ കവച് പ്രവര്‍ത്തിച്ചിരുന്നില്ല. രണ്ട് ട്രെയിനുകളുടെ എന്‍ജിനുകള്‍ മുഖാമുഖം വരുമ്പോള്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. ഇവിടെ രണ്ട് ദിശയില്‍ രണ്ട് പാതകളിലൂടെയായിരുന്ന ട്രെയിന്‍ വന്നിരുന്നത്. പാളം തെറ്റി അപ്പുറത്തെത്തിയ കോച്ചുകളിലാണ് ട്രെയിന്‍ വന്നിടിച്ചത്. ഇത് കവച് വഴി അറിയാനാവില്ലെന്നാണ് ഒരു വിശദീകരണം. ഈ റൂട്ടില്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കി റെയില്‍വെ വക്താവ് തന്നെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി
അതേസമയം പഴകിയ റെയില്‍വേ ട്രാക്കുകളാണ് അപകടകാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്. കവച് ടെക്‌നോളജി വഴി 2000 കിലോമീറ്റര്‍ റെയില്‍വേ സുരക്ഷിതമാക്കുമെന്ന് 2022 ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ തന്നെ ഔദ്യോഗികമായി വ്യക്തമാക്കുന്നുണ്ട്. നിലവില്‍ റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി. ഈ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും കൂടുതല്‍ വ്യക്തതയുണ്ടാകുക.
Content Highlights: kavach system, preventing train collisions, indian railway
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..