ജലന്ധര്‍: പൗരാണിക കാലം മുതല്‍ തന്നെ ഭാരതീയര്‍ ശാസ്ത്രസാങ്കേതികവിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നുവെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി.നാഗേശ്വര റാവു. മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈല്‍ വിക്ഷേപണം തുടങ്ങിയ മേഖലകളില്‍ ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് രാമായണ-മഹാഭാരത ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നതായി റാവു കൂട്ടിച്ചേര്‍ത്തു. ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു ഇക്കാര്യം പറഞ്ഞത്.

മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ് ടിക്കാനുള്ള സാങ്കേതികവിദ്യയും ഭാരതത്തില്‍ നിലവിലുണ്ടായിരുന്നതിന്റെ ഫലമായാണ് നൂറ് കൗരവര്‍ ഉണ്ടായതെന്ന്‌ റാവു അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യം ശാസ്ത്രമേഖലയില്‍ ഭാരതത്തിനുണ്ടായിരുന്ന അറിവാണ് വിളിച്ചോതുന്നതെന്നും നാഗേശ്വരറാവു പറഞ്ഞു. 100 മണ്‍ഭരണികളില്‍ നിന്ന് നൂറ് കുട്ടികളുണ്ടായത് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടാകുന്നതു പോലെയല്ലേയെന്നും റാവു ചോദിച്ചു.

രാമായണത്തിലെ കഥകള്‍ പരിശോധിച്ചാല്‍ രാമന് പല തരത്തിലുള്ള അസ്ത്ര വിദ്യകളും വശമുണ്ടായിരുന്നതായി പറയുന്നു, രാമായണ കാലത്തും മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്കാര്‍ക്ക് വശമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഉന്നം പിഴക്കാത്ത രാമന്റെ അസ്ത്രങ്ങളെന്നും റാവു പറഞ്ഞു. 

ഇതൊക്കെ കൂടാതെ രാവണന്റെ പക്കല്‍ 24 തരത്തിലുള്ള വിമാനങ്ങളുണ്ടായിരുന്നുവെന്നും ലങ്കയില്‍ നിരവധി വിമാനത്താവളങ്ങളുണ്ടായിരുന്നുവെന്നും റാവു കൂട്ടിച്ചേര്‍ത്തു. 

Content Highlights: Kauravas Of Mahabharata Were Test-Tube Babies, G.Nageswara Rao, Ramayana,Mahabharata, Ravana, Lanka, Test-Tube baby