പണ്ഡിറ്റ് വധം: കശ്മീരില്‍ വന്‍പ്രതിഷേധം, ലാത്തിച്ചാര്‍ജ്


കശ്മീര്‍ ടൈഗേഴ്‌സ് എന്ന ഭീകരസംഘത്തില്‍പ്പെട്ടവരാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ്

ബഡ്ഗാമിൽ ഭീകരർ വെടിവെച്ചുകൊന്ന രാഹുൽ ഭട്ടിന്റെ ബന്ധുവിനെ ആശ്വസിപ്പിക്കുന്ന സ്ത്രീ. Photo - PTI

ജമ്മു: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരനായ രാഹുല്‍ ഭട്ടിനെ ഭീകരര്‍ ഓഫീസിലെത്തി വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപകപ്രതിഷേധം. കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനാണ് മരിച്ച ഭട്ട്. വ്യാഴാഴ്ചയാണ് ജില്ലയിലെ ഛന്ദൂരയില്‍ തഹസില്‍ദാര്‍ ഓഫീസിലെത്തിയ രണ്ടുഭീകരര്‍ ക്‌ളാര്‍ക്കായ രാഹുല്‍ ഭട്ടിനെ(35) കൊലപ്പെടുത്തിയത്.

ശ്രീനഗറിലെ വിമാനത്താവളത്തിലേക്കു മാര്‍ച്ചു നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബഡ്ഗാമിലും അനന്ത്നാഗിലും പ്രതിഷേധമുണ്ടായി. വിഷയത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തങ്ങളോട് സംസാരിക്കാന്‍ തയ്യാറാകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സുരക്ഷിത കേന്ദ്രങ്ങളിലേക്കു തങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ പറഞ്ഞു. കശ്മീര്‍ ടൈഗേഴ്‌സ് എന്ന ഭീകരസംഘത്തില്‍പ്പെട്ടവരാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് അറിയിച്ചു. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാണെന്നും അവരറിയിച്ചു

അതിനിടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഡ്ഗാമിലെത്തുന്നത് തടയാന്‍ തന്നെ വീട്ടുതടങ്കലിലാക്കിയതായി പി.ഡി.പി. പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളും മുസ്ലിങ്ങളും തങ്ങളുടെ വേദനകളില്‍ പരസ്പരം അനുകമ്പ പ്രകടിപ്പിക്കുന്നുണ്ട്. ഇത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നതിനാലാണ് ബി.ജെ.പി.യുടെ നടപടിയെന്നും അവര്‍ ആരോപിച്ചു.

ഭീകരരുമായി ബന്ധം: കശ്മീരില്‍ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി


ശ്രീനഗര്‍: ഭീകരരുമായി ബന്ധമാരോപിച്ച് ജമ്മുകശ്മീരില്‍ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പുറത്താക്കി. കശ്മീര്‍ സര്‍വകലാശാലയിലെ രസതന്ത്ര അധ്യാപകന്‍ അല്‍താഫ് ഹുസൈന്‍ പണ്ഡിറ്റ്, സ്‌കൂള്‍ അധ്യാപകന്‍ മൊഹമ്മദ് മഖ്ബൂല്‍ ഹജം, പോലീസ് കോണ്‍സ്റ്റബിള്‍ ഗുലാം റസൂല്‍ എന്നിവരെയാണ് വെള്ളിയാഴ്ച ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളയാളാണ് ഹുസൈന്‍ പണ്ഡിറ്റെന്ന് പോലീസ് പറഞ്ഞു. പാകിസ്താനില്‍ മൂന്നുവര്‍ഷം ഭീകരവാദത്തിന് പ്രത്യേക പരിശീലനം നേടിയിരുന്നു. 1993-ല്‍ സുരക്ഷാസേന ഇയാളെ അറസ്റ്റുചെയ്തു. 2011-2014 കാലത്ത് കശ്മീര്‍ താഴ്വരയില്‍നടന്ന സംഘര്‍ഷങ്ങളില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുള്ളതായും പോലീസ് പറഞ്ഞു.

2015-ല്‍ കശ്മീര്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ എക്സിക്യുട്ടീവ് അംഗമായെത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. സ്‌കൂള്‍ അധ്യാപകനായ ഹജമിന് താഴ്വരയിലെ പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങളില്‍ പങ്കുള്ളതായി പോലീസ് വ്യക്തമാക്കി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ മുഷ്താഖ് അഹമ്മദുമായി ബന്ധമുള്ളയാളാണ് ഗുലാം റസൂല്‍. ഭീകരര്‍ക്ക് വിവരം ചോര്‍ത്തിനല്‍കുന്നവരില്‍ പ്രധാനിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

ഭരണഘടനയുടെ 311(2)(സി) അനുച്ഛേദം പ്രകാരമാണ് ഇവരെ പുറത്താക്കിയത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി, അന്വേഷണം കൂടാതെ ഒരാളെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ വ്യവസ്ഥചെയ്യുന്ന വകുപ്പാണിത്.

പോലീസുകാരനെ ഭീകരര്‍ വീട്ടിലെത്തി വെടിവെച്ചുകൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ പോലീസുകാരനെ വീട്ടില്‍ച്ചെന്ന് വെടിവെച്ചുകൊന്നു. കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് ഠോക്കറിനെയാണ് പുല്‍വാമയിലെ ഗുഡൂരയിലുള്ള വീട്ടില്‍ ഭീകരര്‍ വെടിവെച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വെടിയേറ്റ റിയാസിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 24 മണിക്കൂറിനിടെ ഭീകരരുടെ വെടിയേറ്റുമരിക്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് റിയാസ്. വ്യാഴാഴ്ച ബദ്ഗാം ജില്ലയിലെ ഛന്ദൂരയില്‍ കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനായ രാഹുല്‍ ഭട്ട് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.

ബന്ദിപൊരയില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു

വടക്കന്‍ കശ്മീരിലെ ബന്ദിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തൊയ്ബ ഭീകരനെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ഇയാള്‍ ഈയിടെയാണ് കശ്മീരിലേക്ക് നുഴഞ്ഞുകയറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സേന. തുടര്‍ന്ന് സേനയ്ക്കുനേരെ ഭീകരര്‍ ശക്തമായ വെടിവെപ്പു നടത്തി.

Content Highlights: Kashmiri pandit's killing protest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented