കശ്മീർ, നീരജ് ചോപ്ര | ഫോട്ടോ: പിടിഐ, റോയിട്ടേഴ്സ്
കോഴിക്കോട്: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം രാജ്യം അഭിമാനാതിരേകത്തോടെയാണ് ഉള്‍ക്കൊണ്ടത്. ദേശീയ-പ്രാദേശിക മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ നീരജിന്റെ ചിരിത്രനേട്ടം വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ കശ്മീരില്‍ മാത്രം അതല്ല സംഭവിച്ചത്. നീരജിന്റെ നേട്ടം പത്രങ്ങളില്‍ വാർത്തയായില്ലെന്നു മാത്രമല്ല, അത് കശ്മീരില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ലെന്നതാണ് വസ്തുത.
ഗ്രേറ്റ് കശ്മീര്‍, കശ്മീര്‍ ടൈംസ്, റൈസിങ് കശ്മീര്‍ തുടങ്ങി കശ്മീരിലെ മിക്കവാറും പത്രങ്ങള്‍ നീരജിന്റെ ഒളിംപിക് സ്വര്‍ണനേട്ടം ഒരു സാധാരണ വാര്‍ത്തയെന്നോണം ഉള്‍പ്പേജിലാണ് നല്‍കിയത്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള കശ്മീരിന്‍റെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ഈ സംഭവം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി മോദി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയും നിയമസഭാ തിരഞ്ഞെടുപ്പ് വൈകാതെ നടത്തുമെന്നുള്ള വാഗ്ദാനവുമൊന്നും കശ്മീരികള്‍ക്കിടയില്‍ അനുകൂല ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു വേണം കരുതാന്‍. ജമ്മു കശ്മീരില്‍ അടിസ്ഥാന ജനാധിപത്യം ശക്തിപ്പെടുത്തുക എന്നതിനാണ് മുന്‍ഗണനയെന്ന് മോദി അടുത്തിടെ നടത്തിയ ട്വീറ്റില്‍ പറഞ്ഞിരുന്നു. അതിര്‍ത്തി നിര്‍ണയവും തിരഞ്ഞെടുപ്പും വേഗത്തില്‍ത്തന്നെ നടത്തി, ജമ്മു കശ്മീരിന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉണ്ടാവണമെന്നും അത് ജമ്മു കശ്മീരിന്റെ വികസനത്തെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞിരുന്നു.സംഭവത്തെ ദുരന്തം എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ശ്രീനഗര്‍ എംപിയുമായ ഡോ. ഫാറൂഖ് അബ്ദുള്ള വിശേഷിപ്പിച്ചത്.'നീരജ് ചോപ്രയുടെ നേട്ടം സംബന്ധിച്ച വാര്‍ത്ത രാജ്യത്തെ എല്ലാ പത്രങ്ങളുടെയും ആദ്യ പേജില്‍ത്തന്നെ ഇടംപിടിച്ചപ്പോള്‍ കശ്മീരിലെ പത്രങ്ങളില്‍ അത് ഉള്‍പേജിലേക്ക് പോയി. ഇതൊരു ദുരന്തമാണ്, രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതാണ്. ഒന്നാം പേജില്‍ തന്നെ വാര്‍ത്ത വരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് സാധിച്ചില്ല. ഇവിടെ പത്ര സ്വാതന്ത്ര്യമില്ല. കശ്മീരിനെതിരെയുള്ള ഈ സമീപനം നിര്‍ത്തണം', മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള കശ്മീരികളുടെ സമീപനം സംബന്ധിച്ച് ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് ടെലഗ്രാഫ് ഓണ്‍ലൈന്‍ ചോദിച്ചിരുന്നു.
'കശ്മീര്‍ മുന്‍പൊരിക്കലും ഇന്ത്യയുമായി ഇത്രയും അടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍നിന്ന് അകന്നുപോയതായി ഇത്രമാത്രം ഇതിനുമുന്‍പ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ലെന്നതാണ് സത്യം. ഒളിംപിക് സ്വര്‍ണവും നീരജ് ചോപ്രയുടെ വ്യക്തിഗത നേട്ടവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടതുമാണെന്നതില്‍ സംശയമില്ല. പക്ഷേ, ഞങ്ങനെ അനുഭവപ്പെടുന്നില്ല. ഇതിന്റെ പേരില്‍ ഞങ്ങളെ കുറ്റപ്പെടുത്തരുത്', ടെലഗ്രാഫ് റിപ്പോർട്ടില്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.
നീരജ് ചോപ്രയുടെ നേട്ടം കാര്യമായി കശ്മീരികളുടെ ശ്രദ്ധ പിടിച്ചുപറ്റാതിരുന്നത് സംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം ജമ്മു കശ്മീരിലെ മാധ്യമപ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും പ്രതികരണം തേടിയിരുന്നു. കശ്മീരിലെ എല്ലാ പത്രങ്ങളും നീരജ് ചോപ്രയുടെ മെഡല്‍ നേട്ടം സംബന്ധിച്ച വാര്‍ത്ത സ്‌പോര്‍ട്‌സ് പേജിലാണ് നല്‍കിയതെന്ന് 'ഗ്രേറ്റര്‍ കശ്മീ'ലെ പത്രപ്രവര്‍ത്തകന്‍ ആരിഫ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
നീരജ് ചോപ്രയേയും അദ്ദേഹത്തിന്റെ മെഡല്‍ നേട്ടത്തെയും കുറിച്ച് കശ്മീരിലെ സാധാരണക്കാര്‍ക്ക് ഇപ്പോഴും വേണ്ടത്ര ധാരണയില്ലെന്നാണ് ബഷാരത് റാഷിദ് എന്ന പ്രദേശവാസിയുടെ പ്രതികരണം നല്‍കുന്ന സൂചന. 'ആരാണ് നീരജ് ചോപ്ര? ഇവിടെ എല്ലാ സാധനങ്ങളുടെയും വില റോക്കറ്റുപോലെ കുതിക്കുകയാണ്. മൂന്നാഴ്ച മുന്‍പ് 15 ലിറ്റര്‍ കടുകെണ്ണയ്ക്ക് 15,00 രൂപയായിരുന്നു വില. ഇപ്പോള്‍ അത് 3,000 രൂപയായി. അതുപോലെ, എല്ലാ സാധനങ്ങള്‍ക്കും വില ഉയരുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു', അദ്ദേഹം പറയുന്നു.
'നീരജിന്റെ നേട്ടം വിവിധ സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു പേരുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്, എന്നാല്‍ അത് കശ്മീര്‍ താഴ്വരയിലേക്ക് എത്തിയിട്ടില്ല', ടെലഗ്രാഫ് എഴുതുന്നു.
Content Highlights: Kashmir unmoved by Neeraj Chopra’s historic win


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..