ജമ്മു: പാകിസ്താന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ കശ്മീരിലെ രജൗറി ജില്ലയിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ഇതിനിടെയാണ് ലാന്‍സ് നായിക് യോഗേഷ് മുരളീധറിന് ജീവന്‍ നഷ്ടമായത്. ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര സ്വദേശിയാണ് വീരമൃത്യു വരിച്ച സൈനികന്‍.

അതിനിടെ, കശ്മീരില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ പരിക്കേറ്റു. വാഹനത്തില്‍ രഞ്ചരിച്ച രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. വാഹനം നിര്‍ത്താന്‍ സൈന്യം ആവശ്യപ്പെട്ടുവെങ്കിലും നിര്‍ത്താതെപോയി. ഇതേത്തുടര്‍ന്നാണ് സൈന്യത്തിന് വെടിവെക്കേണ്ടിവന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.