പാരിസ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ അതിവേഗം ഇന്ത്യയ്ക്ക് ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കശ്മീര്‍ സ്വദേശിയായ എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ് റാഥെറെന്ന് വെളിപ്പെടുത്തല്‍. നിലവില്‍ ഫ്രാന്‍സിലെ ഇന്ത്യയുടെ എയര്‍ അറ്റാഷെയാണ് റാഥെര്‍. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ചേരുംവിധമുള്ള ആയുധങ്ങള്‍ റഫാല്‍ യുദ്ധവിമാനത്തില്‍ ഉള്‍പ്പെടുത്തിയതിനും പിന്നിലും അദ്ദേഹമാണ് പ്രധാന പങ്കുവഹിച്ചത്.
ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുള്ള ബക്ഷിയാബാദ് സ്വദേശിയാണ് എയര്‍ കമഡോര്‍ റാതെര്‍. സൈനിക സ്കൂളിലായിരുന്നു പഠനം. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജ് (ഡിഎസ്എസ്സി), അമേരിക്കയിലെ എയര്‍ വാര് കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഡിസ്റ്റിങ്ഷനോടെ ബിരുദ പഠനം പൂര്‍ത്തിയാക്കി. 1988 ഡിസംബര്‍ 17-നാണ് ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങളുടെ ലോകത്തെത്തുന്നത്.
2010-ല്‍ വിങ് കമാന്‍ഡറായിരിക്കെ സമര്‍പ്പിത സേവനത്തിനുള്ള വായുസേന മെഡല്‍, 2016-ല്‍ ഗ്രൂപ്പ് ക്യാപ്റ്റനായിരിക്കെ വിശിഷ്ടസേവ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍നിന്ന് സ്വാഡ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. മിഗ് 21, മിറാഷ് 2000, കിരണ്‍ എയര്‍ക്രാഫ്റ്റ് എന്നിവ അപകടംവരുത്താതെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്. ഫൈറ്റര്‍ കോംബാറ്റ് ലീഡറും ഫ്ളൈയിങ് ഇന്സ്ട്രെക്ടറുമായ അദ്ദേഹം ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ ഡയറക്ടിങ് സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നാം നിരയിലുള്ള വ്യോമസേനാ താവളങ്ങളില്‍ മിറാഷ് 2000 സ്ക്വാഡ്രണുകളെ നയിച്ചിട്ടുമുണ്ട്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാന്‍സും കരാറില്‍ ഏര്‍പ്പെട്ട് നാലു വര്‍ഷം കഴിയുമ്പോഴാണ് യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയില്‍ എത്താനൊരുങ്ങുന്നത്. ബുധനാഴ്ച എത്തുന്ന അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ പോരാട്ടവീര്യം വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ 12 വ്യോമസേനാ പൈലറ്റുമാര്‍ റഫാല്‍ യുദ്ധവിമാനം പറത്തുന്നതിനുള്ള പരീശീലനം ഫ്രാന്‍സില്‍നിന്ന് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ പേര് പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്.
36 വ്യോമസേനാ പൈലറ്റുമാര്‍ക്ക് ഫ്രഞ്ച് പൈലറ്റുമാര്‍ പരീശീലനം നല്‍കുന്നതിനാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാറില്‍ വ്യവസ്ഥചെയ്യുന്നത്. ഫ്രാന്‍സിലും ഇന്ത്യയിലുമായാവും പരിശീലനം. ഫ്രാന്‍സില്‍നിന്നുള്ള ഹാമര്‍ മിസൈല്‍ അടക്കമുള്ളവയാണ് റഫാല്‍ യുദ്ധവിമാനത്തെ കരുത്തുറ്റതാക്കുന്നത്. സായുധ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നല്കിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഹാമര്‍ മിസൈലുകള്‍ക്ക് വ്യോമസേന ഓഡര്‍ നല്‍കിയത്. 60 - 70 കിലോമീറ്റര്‍ പരിധിയിലുള്ള ഏത് ലക്ഷ്യത്തിലും ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ഹാമര്‍ മിസൈലുകള്‍. ആര്.ബി സീരീസിലാവും റഫാല്‍ പരിശീലന വിമാനങ്ങളുടെ ടെയില്‍ നമ്പറുകള്‍. റഫാല്‍ കരാറിന് അന്തിമരൂപം ഉണ്ടാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയയോട് ആദരവ് പ്രകടിപ്പിക്കാനാണിത്.
Content Highlights: Kashmir native air commodore played a key role in Rafale delivery