ശ്രീനഗര്‍: ശ്രീനഗറിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ച് 65-കാരനായ ആഭരണ വ്യാപാരിയെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. കഴിഞ്ഞ മാസം ഇയാള്‍ കശ്മീരില്‍ സ്ഥിര താമസമാക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. ജമ്മു കശ്മീരില്‍ ഭൂമിയും സ്വത്തും സ്വന്തമാക്കാനുള്ള അവകാശമാണ് ഈ സര്‍ട്ടിഫിക്കറ്റ്.
50 വര്‍ഷത്തോളമായി ശ്രീനഗറില്‍ താമസിക്കുന്ന സത്പാല്‍ നിഷാല്‍ എന്നായാളാണ് കൊല്ലപ്പെട്ടത്. തീവ്രവാദ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 'ഇയാള്‍ ഒരു കുടിയേറ്റക്കാരനാണ്. ഇവിടെ വാസസ്ഥലം നേടുന്ന ആരെയും അധിനിവേശക്കാരായി പരിഗണിക്കും' കൊലപാകത്തിന് ശേഷം റസിസ്റ്റന്‍സ് ഫ്രണ്ട് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. രാജ്യത്ത് ഏത് സംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാന്‍ ഇതിലൂടെ അനുവദിച്ചിരുന്നു.
ഇതിനോടകം 10 ലക്ഷത്തോളം സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ കശ്മീര്‍ താഴ്‌വരയില്‍ നല്‍കി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും പ്രദേശവാസികളാണ്. പ്രദേശവാസികളല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന്റെ വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കൊല്ലപ്പെട്ട ആഭരണവ്യാപാരി നിഷാലും കുടുംബവും യഥാര്‍ത്ഥത്തില്‍ പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നുള്ളവരാണ്. എന്നാല്‍ പതിറ്റാണ്ടുകളായി അവര്‍ ശ്രീനഗറിലാണ് താമസിച്ചുവരുന്നത്.
Content Highlights: Kashmir Jeweller Killed By Terrorists Over Domicile Certificate