Photo: PTI
രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ജൂത കൂട്ടക്കൊലകളെയും അതിന് നേതൃത്വം നല്കിയ ഹിറ്റ്ലറിനേയും പ്രകീര്‍ത്തിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നവോര്‍ ഗിലോണിന് ട്വിറ്ററില്‍ സന്ദേശം. ശനിയാഴ്ചയാണ് തനിക്ക് കിട്ടിയ വിദ്വേഷ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് അദ്ദേഹം പങ്കുവെച്ചത്. കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദേശം.
നിങ്ങളെ പോലുള്ളവരെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ മഹാനാണെന്നും ഹിറ്റ്ലര്‍ ഒരു മഹാനായ വ്യക്തിയാണെന്നും സന്ദേശത്തില്‍ പറയുന്നു. സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുവെങ്കിലും സന്ദേശം അയച്ചയാളെ തിരിച്ചറിയും വിധമുള്ള വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല.
ഈ രീതിയിലുള്ള മറ്റ് സന്ദേശങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സന്ദേശം അയച്ചയാളുടെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ പിഎച്ച്ഡി ഉള്ളയാളാണ് അദ്ദേഹം എന്ന് മനസിലായെന്നും ഗിലോണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു.
തന്റെ സംരക്ഷണം അയാള്‍ അര്‍ഹിക്കുന്നില്ലെങ്കിലും, അയാളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ നീക്കം ചെയ്യാനാണ് താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിരവധിയാളുകള്‍ അംബാസഡര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി.
സമൂഹമാധ്യമങ്ങളില്‍ ഉൾപ്പടെ ഇന്ത്യക്കാര്‍ക്ക് സൗഹൃദ മനോഭാവമാണുള്ളതെന്നും എന്നാൽ ജൂത വിരുദ്ധ വികാരം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലായാണ് താൻ അതിവിടെ പങ്കുവെച്ചതെന്നും ഗിലോൺ പറഞ്ഞു. അതിനെ നമ്മള് കൂട്ടായി നേരിടണം, പരിഷ്കൃത തലത്തിലുള്ള ചര്‍ച്ചകള്‍ നിലനിര്‍ത്തണം. അദ്ദേഹം ട്വീറ്റുകളിൽ പറഞ്ഞു.
' ദി കശ്മീര്‍ ഫയല്‍സ് ' എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും ഇത്തരം പ്രൊപ്പഗണ്ട സിനിമ മേളയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നുമുള്ള ജൂറി ചെയര്മാന് നാദവ് ലാപിഡിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് തന്റെ പ്രസ്താവനയില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ ലാപിഡിനെ വിമര്‍ശിച്ച് ഇസ്രായേല്‍ അംബാസഡര്‍ നവോര്‍ ഗിലോണ്‍ രംഗത്തെത്തിയിരുന്നു.
Content Highlights: Kashmir files row, Anti-Semitic message, Israel ambassador Naor Gilon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..