ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ.അഴഗിരി. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയും അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലേര്‍പ്പെടാനാണ് അഴഗിരിയുടെ ആലോചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡി.എം.കെയില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് അഴഗിരിയുടെ ശ്രമമെന്നും വിവരമുണ്ട്. 

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെങ്കിലും ഡി.എം.കെയ്ക്ക് തിരിച്ചടിയായേക്കാവുന്ന നീക്കവുമായാണ് അഴഗിരി രംഗത്ത് വരുന്നത്. രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള അഴഗിരി അനുകൂലികളുടെ യോഗം നവംബര്‍ 20-ന് മധുരയില്‍ ചേരും. അഴഗിരി ഈ യോഗത്തില്‍ പങ്കെടുക്കും. പിറ്റേ ദിവസം ചെന്നൈയില്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി അഴഗിരി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. 

കലൈജ്ഞര്‍ ഡി.എം.കെ. എന്നോ, കെ.ഡി.എം.കെ. എന്ന പേരിലോ പാര്‍ട്ടി രൂപീകരിച്ച് അണ്ണാ ഡി.എം.കെ. - ബി.ജെ.പി. സഖ്യത്തില്‍ ചേരാനാണ് അഴഗിരിയുടെ പദ്ധതിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളോട് അഴഗിരി പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇങ്ങനൊരു നീക്കം നടക്കുന്നതായി തനിക്കറിയില്ല എന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകനും പ്രതികരിച്ചു.

ജനപിന്തുണയില്ലാത്ത അഴഗിരി എന്ത് നീക്കം നടത്തിയാലും ഒരു പ്രശ്നവുമില്ല എന്നാണ് ഡി.എം.കെ. നേതൃത്വം ഇക്കാര്യത്തോട് പ്രതികരിച്ചത്. അതും പരസ്യ പ്രതികരണമല്ല. സമ്മര്‍ദ്ദം തന്ത്രം പയറ്റി ഡി.എം.കെയില്‍ തിരിച്ചെത്താനുള്ള ശ്രമമാണ് അഴഗിരി നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. എങ്കിലും അഴഗിരിയുടെ നിലപാട് അറിയുന്നതിനായി ഒരു മുതിര്‍ന്ന നേതാവിനെ സ്റ്റാലിന്‍ മധുരയിലേക്ക് അയച്ചിട്ടുണ്ട്.

ഡി.എം.കെയിലായിരുന്നപ്പോള്‍ മധുര കേന്ദ്രീകരിച്ചായിരുന്നു അഴഗിരിയുടെ പ്രവര്‍ത്തനം. പിന്നീട് 2014-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡി.എം.കെയില്‍നിന്ന് പുറത്താക്കിയപ്പോഴും അഴഗിരി മധുരയില്‍ തുടര്‍ന്നു. ഡി.എം.കെയില്‍ തിരിച്ചെടുക്കണം എന്ന ആവശ്യം സ്റ്റാലിനും പാര്‍ട്ടിയും നിരസിച്ചതോടെ കരുണാനിധി മരിച്ച് മുപ്പതാം ദിവസം അഴഗിരി ചെന്നൈയില്‍ ഒരു റാലി നടത്തിയിരുന്നു. ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് അറിയിച്ച റാലിയില്‍ പതിനായിരം പേര്‍ പോലും എത്തിയില്ല. അതിനു ശേഷം നിശബ്ദനായിരുന്ന അഴഗിരി ഇപ്പോഴാണ് പുതിയ നീക്കങ്ങളുമായി എത്തുന്നത്.

അഴഗിരിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാത്തത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധുരയിലെങ്കിലും ഡി.എം.കെയ്ക്ക് തിരിച്ചടിയാകും എന്ന് ചില വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ഡി.എം.കെ. സഖ്യത്തില്‍ മത്സരിച്ച സി.പി.എം. സ്ഥാനാര്‍ഥി എസ്. വെങ്കിടേശന്‍ 1.25 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

Content Highlights: Karunanidhi’s elder son Alagiri likely to form a political outfit, join BJP-led alliance