ന്യൂഡല്‍ഹി: കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിനെ തിരക്കിയുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീഡിയോ വൈറല്‍. പാക് ഔദ്യോഗിക സംഘത്തിനൊപ്പം നില്‍ക്കുന്നതിനിടെ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടക സംഘം പാകിസ്താനില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ നവജ്യോത് സിങ് സിദ്ദുവിനെ തിരക്കിയത്. 

നമ്മുടെ സിദ്ദു എവിടെപോയി എന്നാണ് ഇമ്രാന്‍ ഖാന്‍ ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. 

കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ പഞ്ചാബ് പ്രവിശ്യയിലെ ഉദ്ഘാടനം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനാണ് നിര്‍വഹിച്ചത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള തീര്‍ഥാടക സംഘമാണ് ആദ്യം കര്‍ത്താര്‍പുര്‍ ഇടനാഴി വഴി പാകിസ്താനിലേക്ക് പ്രവേശിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, നവജ്യോത് സിങ് സിദ്ദു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പാകിസ്താനിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായും സിദ്ദു പങ്കെടുത്തിരുന്നു. പ്രസംഗത്തില്‍ ഇമ്രാന്‍ ഖാനും നരേന്ദ്രമോദിക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു. കര്‍താര്‍പുര്‍ ഇടനാഴിയുടെ ഇന്ത്യയിലെ ഉദ്ഘാടനം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചിരുന്നു. 

Content Highlights: kartarpur corridor inauguration pakistan prime minister imran khan asking where is our sidhu hamaara sidhu kithar hai viral video