ബെംഗളുരു: അനിവാര്യ സാഹചര്യം ഉടലെടുത്താല്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. 'ജനങ്ങള്‍ അവരുടെ നല്ലതിനായ് പ്രതികരിക്കേണ്ടതുണ്ട്. അവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ക്ക് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളേണ്ടതായി വരും. അവര്‍ അതിന് ഇടവരുത്തരുത്, ജനങ്ങള്‍ സഹകരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അനിവാര്യമായ സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.' - യെദ്യൂരപ്പ പറഞ്ഞു. മാസ്‌ക് ധരിക്കേണ്ടതിന്റെയും ഇടവിട്ട് കൈകള്‍ ശുചിയാക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മപ്പെടുത്തി.

കര്‍ണാടകയിലെ സാഹചര്യം സാങ്കേതിക ഉപദേശക സമിതി വിലയിരുത്തിയതായും ആവശ്യമായ പ്രതിരോധ നടപടികളെക്കുറിച്ച് നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. 'കഴിഞ്ഞ വര്‍ഷം ആര്‍ജിച്ച അനുഭവം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ സഹായിക്കും. സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലായതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് സര്‍ക്കാരിന് വളരെ വ്യക്തമായി അറിയാം. ഇതുവരെ ലോക്ക്ഡൗണിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല.'- ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ഹെല്‍ത്ത്-നഴ്‌സിങ് ഹോം അസോസിയേഷനുമായി ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. കോവിഡ് രോഗികള്‍ക്കായി അമ്പതുശതമാനം കിടക്കകള്‍ ഒഴിച്ചിടണമെന്ന് മന്ത്രി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആശുപത്രി വാസം അത്യാവശ്യമില്ലാത്ത എല്ലാവരേയും ഡിസ്ചാര്‍ജ് ചെയ്ത് കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച 10,250 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 40 പേരുടെ മരണവും സ്ഥിരീകരിച്ചിരുന്നു.

Content Highlights:Karnataka will impose lockdown if needed says CM B S Yediyurappa