ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പുറത്തുവിട്ട ശബ്ദരേഖയെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ ഭരണപക്ഷ എം.എല്‍.എ മാര്‍ക്ക് സര്‍ക്കാരിനെ വീഴ്ത്താന്‍ കോടികള്‍ വാഗ്ദാനം ചെയ്യുന്നു എന്ന ആരോപിച്ചാണ് കുമാരസ്വാമി ഈ ശബ്ദരേഖ പുറത്തുവിട്ടിരുന്നത്. സ്പീക്കര്‍ക്ക് 50 കോടി വാഗ്ദാനം നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ രാജിവെച്ചേക്കും എന്ന സൂചനകള്‍ക്കിടയിലാണ് സ്പീക്കര്‍ കെ.ആര്‍ രമേഷ്‌കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണം ആവശ്യപ്പെട്ട സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തിലുടനീളം ഏറെ വൈകാരികമായാണ് സംസാരിച്ചത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ തനിക്കെതിരായ പുകമറ നീക്കണമെന്ന്‌ മുഖ്യമന്ത്രിയോട് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. സ്പീക്കര്‍ക്ക് എതിരായ ആരോപണത്തെ തുടര്‍ന്ന് താനും വേദനയിലാണെന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന നിര്‍ദേശം സ്വീകരിക്കുന്നതായും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യമില്ലെന്നാണ് ബി.ജെ.പി നിലപാട്. അന്വേഷണം സ്പീക്കര്‍ക്കെതിരായ ആരോപണത്തില്‍ പരിമിതപ്പെടുത്തണം. അല്ലാത്ത പക്ഷം സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അന്വേഷണം ദുരുപയോഗം ചെയ്യപ്പെടുമെന്നും ബി.ജെ.പി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്ദരേഖകള്‍ പുറത്തുവിട്ടത്. സംസ്ഥാന സര്‍ക്കാരിനെ താഴെ വീഴ്ത്താനായി ബി.ജെ.പി നടത്തുന്ന ഓപ്പറേഷന്‍ താമരയുടെ ഭാഗമായി യെദ്യൂരപ്പ എം.എല്‍.മാര്‍ക്ക് പണം വദ്ഗാനം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് ഇത് എന്നും കുമാരസ്വാമി അവകാശപ്പെട്ടിരുന്നു.

ജെ.ഡി.എസ് എം.എല്‍.എ നാഗനഗൗഡയുടെ മകനോട് സംസാരിക്കുന്ന യെദ്യൂരപ്പ സര്‍ക്കാരിനെ താഴെ വീഴ്ത്തിയാല്‍ അച്ഛന് 25 കോടിയും മന്ത്രിസ്ഥാനവും നല്‍കുമെന്ന് പറയുന്നതായി ശബ്ദരേഖയില്‍ ഉള്ളതായി കുമാരസ്വാമി അവകാശപ്പെട്ടിരുന്നു. സ്പീക്കറെയും പണം നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീം കോടതിയിലെ കാര്യങ്ങള്‍ ബി.ജെ.പി നോക്കിക്കോളുമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ച് ഇത് തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്ന യെദ്യൂരപ്പ പിന്നീട് മലക്കംമറിഞ്ഞു. എം.എല്‍.എയുടെ മകന്‍ ശരണ്‍ ഗൗഡയെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത് കുമാരസ്വാമിയാണെന്നും തങ്ങള്‍ സംസാരിച്ചതില്‍ ഒരു ഭാഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് യെദ്യൂരപ്പയുടെ ഇപ്പോഴത്തെ നിലപാട്.

content highlights: Karnataka Speaker Wants  Audio Aired By HD Kumaraswamy, Probed