42 വര്‍ഷങ്ങള്‍, 16 നീരുറവകള്‍; ദാഹജലം നല്‍കാന്‍ ഇനി കാമെഗൗഡയില്ല


സ്വന്തം ലേഖകന്‍

കര്‍ണാടകയുടെ മലയോര മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ യാതൊരു പിന്തുണയുമില്ലാതെ കുളങ്ങള്‍ നിര്‍മിച്ചതോടെയാണ് കാമെഗൗഡ എന്ന സാധാരണക്കാരന്‍ ശ്രദ്ധ നേടുന്നത്.

Kalmane Kamegowda | Photo: Aijaz Rahi/ AP Photo

'സാധാരണമായ വ്യക്തിത്വമുള്ള ഒരു സാധാരണ കൃഷിക്കാരന്‍' പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍കി ബാത്തി'ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 'കെരെ കാമെഗൗഡ' എന്ന മനുഷ്യനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. അതെ, തികച്ചും സാധാരണക്കാരനായ മനുഷ്യനായിരുന്നു 82 ാം വയസ്സില്‍ വിടവാങ്ങിയ 'കെരെ കാമെഗൗഡ'യെന്ന കാമെഗൗഡ. കര്‍ണാടകയിലെ ദാസനദൊഡ്ഡി ഗ്രാമത്തിലെ ഒരു സാധാരണക്കാരനായ ആട്ടിടയന്‍. മാണ്ഡ്യലെ വരണ്ടുണങ്ങിയ ഒരു മലമ്പ്രദേശത്ത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ജലസ്രോതസുകള്‍ സൃഷ്ടിച്ചാണ് അയാള്‍ വൃത്യസ്തനായത്. നീണ്ട 42 വര്‍ഷങ്ങള്‍ ജലസംരക്ഷണത്തിനായി കാമെഗൗഡ തുനിഞ്ഞിറങ്ങിയപ്പോള്‍ പിറന്നത് 16 കുളങ്ങളാണ്.

കര്‍ണാടകയുടെ മലയോര മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ യാതൊരു പിന്തുണയുമില്ലാതെ കുളങ്ങള്‍ നിര്‍മിച്ചതോടെയാണ് കാമെഗൗഡ എന്ന സാധാരണക്കാരന്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കുളങ്ങള്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ദാഹജലം നല്‍കി. 'കുന്‍ദൂരു മലയില്‍ ആടുകളെ മേയ്ക്കാന്‍ പോയ ഞാന്‍ ക്ഷീണിതനായി. വെള്ളത്തിനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, ദീര്‍ഘദൂരം നടന്ന് ഒരു വീട്ടില്‍ നിന്ന് വെള്ളം കുടിച്ചാണ് ഞാന്‍ ദാഹമകറ്റിയത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഒരു മനുഷ്യന് ദാഹജലം കിട്ടാന്‍ ധാരാളം സാധ്യതയുണ്ട്. എന്നാല്‍ വന്യജീവികളും പക്ഷികളും എങ്ങനെ ദാഹം ശമിപ്പിക്കും?', കുളങ്ങള്‍ കുഴിക്കാന്‍ ആരംഭിച്ചതിനേക്കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.



കാമെദൗഡയുടെ ഒറ്റയാള്‍ പോരാട്ടം

മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമനിവാസിയായിരുന്നു കാമെദൗഡ. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ ആടുകളെ വളര്‍ത്തിയാണ് ജീവിതം തുടങ്ങിയത്. ദാസനദൊഡ്ഡി ഗ്രാമത്തിലെ കുന്‍ദൂരു മലയായിരുന്നു കാമെഗൗഡയുടെ പ്രവര്‍ത്തനമണ്ഡലം. നാല് പതിറ്റാണ്ടുമുമ്പ് ഇവിടമൊരു വരണ്ട പ്രദേശമായിരുന്നു. വളരെക്കുറച്ച് സസ്യങ്ങള്‍ മാത്രം വളര്‍ന്നിരുന്ന ഇടം. മഴ പെയ്താല്‍ വെള്ളം താഴേക്ക് ഒഴുകിപ്പോവുകയോ ബാഷ്പീകരിച്ചുപോവുകയോ ചെയ്യും. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് മലയില്‍ കുളങ്ങള്‍ നിര്‍മിക്കാന്‍ കാമെഗൗഡ തീരുമാനിക്കുന്നത്.

തരിശ് ഭൂമിയില്‍ അദ്ദേഹം കുളങ്ങള്‍ കുഴിക്കാന്‍ ആരംഭിച്ചപ്പോള്‍ ഗ്രാമീണരില്‍ പലരും തമാശയായാണ് കരുതിയത്. പലഭാഗത്ത് നിന്നും പരിഹാസം ഉയര്‍ന്നെങ്കിലും അതിനൊന്നും ചെവികൊടുക്കാതെ തന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ് അദ്ദേഹം ചെയ്തത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. കുളങ്ങള്‍ നിര്‍മിക്കാന്‍ മറ്റാരും കാമെഗൗഡയുടെ സഹായത്തിനുണ്ടായിരുന്നില്ല. ആരുടേയും സഹായത്തിന് നില്‍ക്കാതെ സ്വപ്രയത്‌നത്താലാണ് അദ്ദേഹം ആ മലഞ്ചെരുവില്‍ കുളങ്ങള്‍ നിര്‍മിച്ചത്. കുളങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം മലയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

പ്രധാനമന്ത്രി പ്രശംസിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോപരിപാടിയായ 'മന്‍കി ബാത്തില്‍' പരാമര്‍ശിച്ചതോടെയാണ് കാമെഗൗഡ ദേശീയശ്രദ്ധയിലേക്കുയര്‍ന്നത്. 2020ലാണ് 'മന്‍കി ബാത്തി'ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാമെഗൗഡയെക്കുറിച്ച് പറഞ്ഞത്. 'അസാധാരണമായ വ്യക്തിത്വമുള്ള ഒരു സാധാരണക്കാരനാണ് കാമെഗൗഡ. തന്റെ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും 16 കുളങ്ങള്‍ നിര്‍മിച്ച അദ്ദേഹം അസാധാരണനേട്ടം കൈവരിച്ചിരിക്കുകയാണ്. ഈ കുളങ്ങളാല്‍ പ്രദേശത്തിനാകെ പുതുജീവന്‍ ലഭിച്ചിരിക്കുന്നു''- എന്നായിരുന്നു പ്രധാനമന്ത്രി കാമെഗൗഡയെക്കുറിച്ച് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് കാമെഗൗഡ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹത്തിന് അത് സാധിച്ചില്ല.

2020 ജൂലായ് 15-ന് മടിക്കേരി ആകാശവാണി നിലയം 'കൃഷിരംഗം' എന്ന പരിപാടിയില്‍ കാമെഗൗഡയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംപ്രേഷണം ചെയ്തിരുന്നു. കാമെഗൗഡയെക്കുറിച്ചുള്ള ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പരിസ്ഥിതി വിഭാഗത്തില്‍ ഇടംനേടിയിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങളാണ് കാമെഗൗഡയെ തേടിയെത്തിയത്. കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ഡി. രമാഭായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, എം. ഗോപിനാഥ് ഷേണായി ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിരുന്നു. രണ്ടുവര്‍ഷംമുമ്പ് കര്‍ണാടക ആര്‍.ടി.സി. ഇദ്ദേഹത്തിന് ആജീവനാന്ത സൗജന്യ ബസ് പാസ് നല്‍കി ആദരിച്ചിരുന്നു.

കെരെ കാമെഗൗഡ | Photo: Aijaz Rahi/ AP Photo

ആധുനിക ഭഗീരഥന്‍ എന്ന് കര്‍ണാടക മുഖ്യമന്ത്രി

പ്രായാധിക്യംകാരണമുള്ള ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു 'പോണ്ട് മാന്‍' എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. കാമെഗൗഡയുടെ വിയോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുശോചിച്ചു. 15 ലധികം കുളങ്ങള്‍ പണിയുകയും ആധുനിക ഭഗീരഥന്‍ എന്നറിയപ്പെടുകയും ചെയ്ത ദാസനദൊഡ്ഡി ഗ്രാമത്തിലെ ജലസംരക്ഷകനായ കാമെഗൗഡയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. ദേവഗൗഡ, എച്ച്.ഡി.കുമാരസ്വാമി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ എന്നിവരും അനുശോചിച്ചു.

Content Highlights: Karnataka's beloved 'water sage' Kalmane Kamegowda dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented