ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തങ്ങളുടെ രാജി സ്പീക്കര്‍ ഉടന്‍ സ്വീകരിക്കണം, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്ക് ആകില്ലെന്നും കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് വിമതര്‍ക്കായി കോടതിയില്‍ ഹാജരായത്.
രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാകുമോ?, ഒരു പ്രത്യേക ഗ്രൂപ്പില്‍ തുടരാനും സംസാരിക്കാനും സ്പീക്കര്‍ ഞങ്ങളെ നിര്‍ബന്ധിപ്പിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അതില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിതമര്‍ക്കായി റോഹ്തഗി കോടതിയില്‍ പറഞ്ഞു.
രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയശേഷമേ അതില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പില്‍ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാല്‍ രാജിക്കത്ത് വിശദമായി പരിശോധിക്കാന്‍ സമയം വേണമെന്നും സ്പീക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlgihts: Karnataka political crisis in Supreme Court