ബെംഗളൂരു: കൊലപാതകം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം പ്രതിയെ കണ്ടെത്താനും പിടികൂടാനും സഹായിച്ച് ആദരവും പ്രശംസയും നേടിയിരിക്കുകയാണ് കർണാടക പോലീസ് ശ്വാനവിഭാഗത്തിലെ നായ. പന്ത്രണ്ട് കിലോമീറ്ററിലധികം ദൂരം ഓടിയെത്തിയാണ് സ്നിഫർ ഇനത്തിലെ ടൂങ്ക എന്ന പെൺനായ പ്രതിയെ കണ്ടെത്തി പോലീസ് സേനയെ സഹായിച്ചത്.

ബെംഗളൂരുവിൽ നിന്ന് 260 കിലോമീറ്ററോളം അകലെ ദാവൻഗരെയിൽ ജൂലായ് പത്തിനാണ് കൊലപാതം നടന്നത്‌. പണം കടം നൽകിയതുമായി ബന്ധപ്പെട്ട് രണ്ടു പേർക്കിടയിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതിയായ ചേതൻ കൊല്ലപ്പെട്ട ചന്ദ്രനായകിൽ നിന്ന് 1.7 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു.

ക്രിമിനൽ കേസുകളിൽ പ്രതിയായ ചേതനെ പോലീസ് തിരയുന്നുണ്ടായിരുന്നു. ചന്ദ്രനായക് ഇടയ്ക്കിടെ പണം തിരികെ ആവശ്യപ്പെട്ടത് ചേതനെ സംശയാലുവാക്കി. തന്റെ ക്രിമിനൽ പ്രവൃത്തികളെ കുറിച്ച് ചന്ദ്രനായക് മനസിലാക്കിയതായും തന്നെ പോലീസിന് കാണിച്ചുകൊടുക്കുമെന്നും ഭയന്ന ചേതൻ ചന്ദ്രനായകിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.

കൊലപാതകത്തിൽ ചില തുമ്പുകൾ ലഭിച്ചെങ്കിലും ചേതനെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. തുടർന്ന് ടൂങ്കയുടെ സഹായത്തോടെ പോലീസ് ചേതനെ കണ്ടെത്തി. ചേതനെ അവസാനം കണ്ടതായി തിരിച്ചറിഞ്ഞ പ്രദേശത്ത് നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കാശിപുരിലെ ചേതന്റെ വീട് വരെ ഓടിയെത്തിയാണ് ടൂങ്ക പ്രതിയെ കണ്ടെത്തിയത്.

കർണാടക പോലീസിന്റെ ശ്വാനസേനയിലെ മിന്നും താരമാണ് പത്തുവയസുകാരിയായ ടൂങ്ക. 50 ഓളം കൊലപാതകങ്ങളും 60 ലധികം മോഷണക്കേസുകളും ടൂങ്കയുടെ സഹായത്തോടെ തുമ്പ്‌ കണ്ടെത്തിയതായി ദാവൻഗരെ പോലീസ് സൂപ്രണ്ട് ഹനുമന്ത റായി പറഞ്ഞു. 'അവൾ ഞങ്ങളുടെ ഹീറോയാണ്. അതു കൊണ്ടാണ് ഞാൻ അവളെ അനുമോദിക്കാൻ ദാവൻഗരെയിൽ നേരിട്ടെത്തിയത്', സംസ്ഥാന അഡീഷണൽ ഡിജിപി അമർ കുമാർ പാണ്ഡെ പറഞ്ഞു.