ബെംഗളൂരു: കര്‍ണാടകത്തില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തി ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകന്‍ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടില്ല. 

പുതിയ മന്ത്രിസഭയില്‍, ഒ.ബി.സി. വിഭാഗത്തില്‍നിന്നും വൊക്കലിഗ സമുദായത്തില്‍നിന്നും ഏഴു മന്ത്രിമാര്‍ വീതമുണ്ട്. ലിംഗായത്ത് സമുദായത്തില്‍നിന്ന് എട്ടുപേരും പട്ടികയില്‍ ഇടംപിടിച്ചു. എസ്.സി. വിഭാഗത്തില്‍നിന്ന് മൂന്നും എസ്.ടി. വിഭാഗത്തില്‍നിന്ന് ഒരാളുമുണ്ട്.  മന്ത്രിസഭയില്‍ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്മണ സമുദായത്തില്‍നിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്.

അനുഭവ സമ്പത്തിന്റെയും പുത്തന്‍ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രിസഭയില്‍ ഒ.ബി.സി. വിഭാഗത്തില്‍ നിന്ന് ഏഴും എസ്.സി. വിഭാഗത്തില്‍നിന്ന് മൂന്നും എസ്.ടി. വിഭാഗത്തില്‍നിന്ന് ഒന്നും വൊക്കലിഗയില്‍നിന്ന് ഏഴും ലിംഗായത്തില്‍നിന്ന് ഏട്ടും മന്ത്രിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജൂലൈ 28-ന് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജ് ബൊമ്മെ, രണ്ടു തവണ ഡല്‍ഹി സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി, പാര്‍ട്ടിയുടെ ഉന്നത നേതൃത്വം എന്നിവരുമായി മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Content Highlights: Karnataka new ministers take oath; no deputy CM, no berth for Yediyurappa's son