ബെംഗളൂരു: കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍ വീട്ടില്‍നിന്ന് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ചൊവ്വാഴ്ചയാണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള മന്ത്രിയുടെ വീട്ടിലെത്തി ആരോഗ്യ പ്രവര്‍ത്തര്‍ വാക്‌സിന്‍ നല്‍കിയത്. മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുത്തിവെപ്പെടുത്തിരുന്നു. 

കോവിഡ് വാക്‌സിന്‍ പ്രോട്ടോക്കോളില്‍ ഇത് അനുവദനീയമല്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം വാക്‌സിനെടുക്കുന്ന ചിത്രം സഹിതം മന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്. 

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആശുപത്രിയിലെത്തി കുത്തിവെപ്പെടുക്കുമ്പോള്‍ അവിടെ കാത്തിരിക്കുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഇതൊഴിവാക്കാനാണ് വീട്ടില്‍വെച്ച് തന്നെ വാക്‌സിനെടുത്തതെന്ന് പാട്ടീല്‍ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നടപടിയെ ന്യായീകരിച്ചു. കുത്തിവെപ്പെടുത്ത സ്ഥലം ഏതാണ് എന്നതിനെക്കാള്‍ പ്രധാനം വാക്‌സിന്‍ എടുക്കുക എന്നതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ പാട്ടീലിന്റെ നടപടിയില്‍ ആരോഗ്യമന്ത്രി സുധാകര്‍ അതൃപ്തി രേഖപ്പെടുത്തി.

content highlights: Karnataka Minister takes COVID vaccine at home, Centre seeks report from state