ബെംഗളൂരു: ലിംഗായത്ത്, കുറുബാസ്, വൊക്കലിഗ തുടങ്ങി ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നും എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും ടിക്കറ്റ് നല്‍കില്ലെന്നും ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ.
'ഹിന്ദുക്കളിലെ ഏത് സമുദായത്തിൽപ്പെട്ടവർക്കും ഞങ്ങള്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയേക്കാം. ലിംഗായത്തുകള്‍, കുറുബകള്‍, വൊക്കാലിഗ, അല്ലെങ്കില്‍ ബ്രാഹ്മണര്‍ അങ്ങനെ ആര്‍ക്കും നല്‍കാം. പക്ഷേ തീര്‍ച്ചയായും മുസ്ലിങ്ങള്‍ക്ക് നല്‍കില്ല'. കര്‍ണാടക ഗ്രാമവികസന മന്ത്രിയായ കെ.എസ്.ഈശ്വരപ്പ പറഞ്ഞു.
വരാനിരിക്കുന്ന ബെലഗാവി ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെലഗാവി ഹിന്ദുത്വ മേഖയാണ്. ഹിന്ദു സമുദായങ്ങളില്‍പ്പെട്ട ആര്‍ക്കും തങ്ങള്‍ ഈ സീറ്റ് നല്‍കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തരിച്ച കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കഡി പ്രതിനിധീകരിച്ച മണ്ഡലമാണ് ബെലഗാവി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് സുരേഷ് അങ്കഡി മരിച്ചത്. ഉപതിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.
ഈശ്വരപ്പ നേരത്തെയും സമാനമായ വിവാദ പ്രസ്താവന നടത്തിയിരുന്നു. പാര്‍ട്ടിയില്‍ വിശ്വാസമില്ലാത്തതിനാല്‍ മുസ്ലീങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഈശ്വരപ്പ പറഞ്ഞിരുന്നു.
Content Highlights: Karnataka minister says BJP will give party ticket to any Hindu, but not a Muslim