ബെംഗളൂരു: കോവിഡ് കാലത്തെ സങ്കടക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം കാവേരി നദിയില്‍ ഒഴുക്കിയത് കര്‍ണാടക റെവന്യൂമന്ത്രി ആര്‍. അശോക. ഉത്തരേന്ത്യയില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി നടന്നതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു.

മൃതദേഹങ്ങള്‍ ദഹിപ്പിച്ചശേഷം ചിതാഭസ്മം കാവേരി നദിയില്‍ ഒഴുക്കുന്നത് തെക്കന്‍ കര്‍ണാടകയിലെ ആചാരമാണ്. എന്നാല്‍ കോവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ സ്ഥിതിഗതികള്‍ ആകെ മാറി. കോവിഡ് ബാധിച്ച് മരിച്ച പലരുടെയും മൃതദേഹങ്ങള്‍  ബന്ധുക്കള്‍ ഏറ്റുവാങ്ങാത്ത സ്ഥിതിയായി. ഇതോടെയാണ് അത്തരം മൃതദേഹങ്ങള്‍ ദഹിപ്പിച്ച ചിതയിലെ ചാരം സംസ്ഥാന മന്ത്രിതന്നെ ഗംഗയില്‍ ഒഴുക്കിയത്.

കാവേരി പുണ്യനദിയാണെന്നാണ് കരുതപ്പെടുന്നതെന്നും ചിതാഭസ്മം അതില്‍ ഒഴുക്കുന്നതോടെ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. '560 പേരുടെ ചിതാഭസ്മമാണ് കാവേരിയില്‍ ഒഴുക്കിയത്. അവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. അതിന് പല കാരണങ്ങളുണ്ടാകാം. പലരും സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ളവയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഈ ദൗത്യം ഏറ്റെടുത്തത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിഷയമാണിത്. അതുകൊണ്ടാണ് കര്‍ണാടകത്തിലെ എല്ലാവര്‍ക്കും വേണ്ടി താന്‍ ഉത്തരവാദിത്വം ഏറ്റെടുത്തത്' - മന്ത്രി പറഞ്ഞു.

Karnataka
Photo - ANI

ഉത്തരേന്ത്യയില്‍ നടന്ന സംഭവങ്ങളാണ് ഈ നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടന്നത് എല്ലാവരും കണ്ടതാണ്. ചിലത് പക്ഷികള്‍ കൊത്തിവലിച്ചു. അതെല്ലാം നാണക്കേടുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍  ആദരവോടെതന്നെ സംസ്‌കരിക്കണമെന്ന് തീരുമാനിച്ചത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും മന്ത്രിപറഞ്ഞു.

കര്‍ണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നുവെങ്കിലും ആശ്വസിക്കാവുന്ന തരത്തിലല്ല സ്ഥിതിഗതികള്‍. മരണങ്ങള്‍ വര്‍ധിച്ചതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിവന്നു. ഇതോടെ നിരവധി സ്ഥലങ്ങളില്‍ താത്കാലിക ശ്മശാനങ്ങള്‍ ഒരുക്കേണ്ടിവന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,304 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 464 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

Content Highlights: Karnataka Minister immerses Ashes of COVID victims in Cauvery