ബെംഗളൂരു: നിയമസഭയിലെ എല്ലാ അംഗങ്ങളും വിവാഹജീവിതത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നവരാണെന്നും ഏക പത്നീ/പതീവ്രതം പിന്തുടരുന്നവരാണെന്നും ഉറപ്പുവരുത്താൻ അന്വേഷണം നേരിടണമെന്ന ആരോഗ്യമന്ത്രി കെ സുധാകറിന്റെ പ്രസ്താവനയെ തുടർന്ന് കർണാടക രാഷ്ട്രീയത്തിൽ വിവാദം. 225 എംഎൽഎമാരുടേയും വ്യക്തിജീവിതം പരിശോധിച്ച് എത്ര പേർ വിവാഹേതരബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തണമെന്ന് ബുധനാഴ്ചയാണ് സുധാകർ പ്രസ്താവിച്ചത്.

മര്യാദാപുരുഷൻമാരാണെന്നും ശ്രീരാമചന്ദ്രൻമാരാണെന്നും ആത്മപ്രശംസ നടത്തുന്നവരാണ് പ്രതിപക്ഷത്തെ കോൺഗ്രസ്, ജെഡിഎസ് നേതാക്കളെന്നും അവരെ ബോധ്യപ്പെടുത്താൻ എല്ലാ എംഎൽഎമാരും ഈ വെല്ലുവിളി ഏറ്റെടുക്കണമെന്നും സുധാകർ പറഞ്ഞു. താനുൾപ്പെടെ എല്ലാ സഭാംഗങ്ങളും അന്വേഷണം നേരിട്ട് അവിശുദ്ധബന്ധങ്ങളില്ലെന്ന് തെളിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സഭയിൽ ഒപ്പച്ചാടും വിമർശനവുമുയർന്നതോടെ സുധാകർ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയും താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

സദാചാരത്തിന്റെയും സാമൂഹികമൂല്യങ്ങളേയും സംബന്ധിക്കുന്ന സംഗതിയാണിത്. അതു കൊണ്ട് എല്ലാവരുടേയും സ്വഭാവം വ്യക്തമാക്കപ്പെടണം. എല്ലാകാര്യങ്ങളും അന്വേഷിക്കണം. മന്ത്രിമാരും എംഎൽഎമാരും പ്രതിപക്ഷനേതാക്കളും അന്വേഷണത്തെ നേരിടട്ടെ- സുധാകർ മാധ്യമങ്ങളോട് പ്രതികരിച്ചു. മനസാക്ഷിക്കുത്ത് തോന്നുന്നില്ലെങ്കിൽ അവർ ഇക്കാര്യത്തോട് യോജിച്ച് അന്വേഷണത്തിന് തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരെ പ്രത്യേകമായി സംബോധന ചെയ്ത് സുധാകർ കൂട്ടിച്ചേർത്തു.

സദാചാരലംഘനം ചൂണ്ടിക്കാട്ടി സുധാകർ ഉൾപ്പെടെ ആറ് മന്ത്രിമാർ രാജിവെക്കണമെന്നുള്ള കോൺഗ്രസ് ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് പ്രതികരണവുമായി സുധാകർ രംഗത്തെത്തിയത്. ലൈംഗികപീഡനാരോപണത്തെ തുടർന്ന് രമേശ് ജാർക്കിഹോളി മാർച്ച് ആദ്യം മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. തനിക്കെതിരെ പുറത്തു വന്ന വീഡിയോ വ്യാജമാണെന്ന് രമേശ് അവകാശപ്പെടുകയും ചെയ്തിരുന്നു. ശിവറാം ബെബ്ബാർ, ബി സി പാട്ടീൽ, എസ് ടി സോമശേഖർ, നാരായണ ഗൗഡ, ഭൈരഥി ബസവരാജ് എന്നിവരാണ് സുധാകറിനെ കൂടാതെ കോൺഗ്രസ് രാജി ആവശ്യപ്പെടുന്ന മന്ത്രിമാർ.

തനിക്ക് ഒരു ഭാര്യയും ഒരു കുടുംബവുമേയുള്ളുവെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. മുമ്പ് ഇതേ ആരോപണം സുധാകർ തനിക്കെതിര ഉയർത്തിയിരുന്നുവെന്നും താനതിനെ മറികടന്നെന്നും കുമാരസ്വാമി പറഞ്ഞു. തുറന്ന് ചർച്ച ചെയ്യപ്പെടേണ്ട സംഗതിയല്ലെന്നും ആരും സത്യഹരിശ്ചന്ദ്രൻമാരല്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. വനിതകളുൾപ്പെടെയുള്ള അംഗങ്ങൾക്കെതിരെയാണ് സുധാകർ അന്വേഷണം ആവശ്യപ്പെട്ടതെന്നായിരുന്നു പ്രധാന വിമർശനം. സ്പീക്കറുൾപ്പെടെ നിരവധി നേതാക്കൾ സുധാകറിനെതിരെ രംഗത്തെത്തിയിരുന്നു.

 

 

Content Highlights: Karnataka Minister Dares MLAs To Take Monogamy Test