ബെംഗളൂരു: ഖനികളുടെ നാടായ ബല്ലാരി വീണ്ടുമൊരു ആഡംബരവിവാഹത്തിന് വേദിയാവുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാവും കര്‍ണാടകത്തിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുമായ ബി. ശ്രീരാമുലുവിന്റെ മകളുടെ വിവാഹമാണ് കോടികള്‍ ചെലവഴിച്ച് നടത്തുന്നത്. 9 ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ചടങ്ങിന് പ്രതീക്ഷിക്കുന്ന ചിലവ് 500 കോടി രൂപയാണ്. 

ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയാണ് വരന്‍. പരമ്പരാഗത ചടങ്ങുകള്‍ അനുസരിച്ച് മാര്‍ച്ച് അഞ്ചിന് ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് വിവാഹമെങ്കിലും ബല്ലാരിയിലെ ശ്രീരാമുലുവിന്റെ വീട്ടില്‍ ഫെബ്രുവരി 27-നുതന്നെ ആഘോഷച്ചടങ്ങുകള്‍ തുടങ്ങി.  കര്‍ണാടക കണ്ടിട്ടുളളതിലെ ഏറ്റവും വലിയ ആഢംബര വിവാഹമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

40 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂറ്റന്‍ വിവാഹ പന്തല്‍ തയ്യാറാക്കിയിരിക്കുന്നത്. വിവാഹ ചടങ്ങുകള്‍ക്ക് മാത്രം 27 ഏക്കറും അതിഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 15 ഏക്കറും ഉപയോഗിക്കും. ഹംപി വിരൂപാക്ഷ ക്ഷേത്ര മാതൃകയിലാണ് പ്രധാന വേദി ഒരുക്കുന്നത്. 300 കലാകാരന്മാര്‍ മൂന്ന് മാസത്തോളമായി വിവാഹവേദി ഒരുക്കാനുള്ള ശ്രമത്തിലാണ്. 

ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുമുണ്ട്‌.

മുഖ്യമന്ത്രി യെദ്യൂരപ്പ, മറ്റു മന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്കും വിവാഹത്തിലേയ്ക്ക് ക്ഷണമുണ്ട്. കന്നട സിനിമാ താരങ്ങള്‍ക്ക് പുറമേ ബോളിവുഡ് താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കും.

ഏലം, സിന്ദൂരം, മഞ്ഞള്‍പ്പൊടി എന്നിവയുള്‍പ്പെടുത്തി ആരോഗ്യവുമായി ബന്ധപ്പെട്ട ആശയത്തിലാണ് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ബോളിവുഡ് നടി ദീപിക പദുകോണിന്റെ വിവാഹത്തിന് മേക്കപ്പ് ചെയ്ത സാനിയ സര്‍ധാരിയയാണ് ശ്രീരാമുലുവിന്റെ മകളെയും അണിയിച്ചൊരുക്കുന്നത്. 

ബെല്ലാരിയിലെ വീട്ടില്‍ പരമ്പരാഗതനൃത്തങ്ങളും കലാരൂപങ്ങളും ശിങ്കാരിമേളവുമെല്ലാമായി ആഘോഷം പൊടിപൊടിക്കുകയാണ്. ബി.ജെ.പി. നേതാക്കളായ ജനാര്‍ദനറെഡ്ഡിക്കും ആനന്ദ്സിങ്ങിനും പിന്നാലെ ശ്രീരാമുലുവും മകളുടെ വിവാഹത്തിനായി കോടികള്‍ വാരിയെറിയുകയാണ്.

Content Highlights: Karnataka Minister B Sriramulu to hold 9-day multi-crore wedding for daughter