ബെംഗളൂരു: ദളിത് വിഭാഗത്തിൽപ്പെട്ടവർ കടുത്ത ജാതിവിവേചനം നേരിടുന്നസാഹചര്യത്തിൽ സർക്കാർ ഉടമസ്ഥതയിൽ ബാർബർ ഷോപ്പുകൾ ആരംഭിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. കർണാടക സാമൂഹ്യക്ഷേമ വകുപ്പാണ് ഇത്തരമൊരു നിർദേശം സർക്കാരിന് സമര്‍പ്പിച്ചതെന്ന് News18 റിപ്പോര്‍ട്ടുചെയ്തു.

ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്നാണ് സാമൂഹ്യക്ഷേമ വകുപ്പ് പറയുന്നത്. സംസ്ഥാനത്ത് പൊതു ബാർബർ ഷോപ്പുകളിൽ ജാതിവിവേചനത്തിന്റെ പേരിൽ ദളിതർ മാറ്റിനിർത്തപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്. ഇത്തരം സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ എല്ലാ ഗ്രമപഞ്ചായത്ത് പരിധിയിലും ബാർബർ ഷോപ്പുകൾ ആരംഭിക്കാനാണ് പദ്ധതി. സാമൂഹ്യക്ഷേമ വകുപ്പാണ് ഇതിനുള്ള പണം അനുവദിക്കുക.

ദളിതരെയും ഒബിസി വിഭാഗത്തിൽപ്പെട്ടവരെയും ചില ബാർബർ ഷോപ്പുകളിൽ പ്രവേശിപ്പിക്കാത്ത സംഭവങ്ങൾ പുറത്തുവന്നിരുന്നു. ചില ഗ്രാമങ്ങളിൽ ദളിതരെ പ്രവേശിപ്പിക്കുന്ന ബാർബർ ഷോപ്പുകളെ മറ്റുചില ജാതിയിൽപ്പെട്ടവർ ബഹിഷ്കരിക്കുന്ന സംഭവവുമുണ്ട്. വടക്ക്-മധ്യ കർണാടകയിലാണ് ഇത്തരം സംഭവങ്ങൾകൂടുതലായി ഉണ്ടാവുന്നതെന്നാണ് റിപ്പോർട്ട്.

ബഗൽക്കോട്ടിലും മൈസൂരുവിലും ഈ ആഴ്ചതന്നെ ഇത്തരം രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ദളിതർക്ക് സേവനം നൽകാൻ ബാർബർമാർ വിസമ്മതിച്ചതിന്റെ പേരിൽ സംഘർഷങ്ങളും ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്.

എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നതെന്നാണ് സാമൂഹ്യക്ഷേമ വകുപ്പ് പറയുന്നത്. വകുപ്പിൻറെ ശുപാർശ നിലവിൽ സർക്കാരിന്റെ പരിഗണനയിലാണുള്ളത്.

കടപ്പാട് - News18.com

Content Highlights:Karnataka May Soon Launch Govt-Run Barber Shops for Dalits as Incidents of Discrimination Rise