ബെംഗളൂരു: ബെംഗളൂരുവില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. ബെംഗളൂരു കെ.ടി.നഗറിലുള്ള ഒരു നഴ്‌സിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ 70 ശതമാനത്തോളം കേരളത്തില്‍ നിന്നുള്ളവരാണ്.

കേരളത്തില്‍ നിന്ന് വരുന്ന എല്ലാ ആളുകളും 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.

കേരളത്തില്‍ നിന്ന് വരുന്നവര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഡോര്‍മെറ്ററികള്‍, ഹോസ്റ്റലുകള്‍, ഹോംസ്‌റ്റേകള്‍ എന്നിവടങ്ങളില്‍ തങ്ങുന്നുണ്ടെങ്കില്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി-പിസിആര്‍ പരിശോധന ഫലം ഹാജരാക്കേണ്ടി വരും. ഇതുസംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തിയവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ട്.  

ഹോസ്റ്റലുകളില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ നനാട്ടിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണം. കേരളത്തില്‍ നിന്ന് മടങ്ങുന്ന അത്തരം വിദ്യാര്‍ത്ഥികള്‍ 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൊണ്ടുവരണം. മള്‍ട്ടി നാഷണല്‍ കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, കര്‍ണാടകയിലെ ഹോംസ്റ്റേകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ അവരുടെ സ്വന്തം ചെലവില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തണം' സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: All persons arriving from Kerala to compulsorily produce negative RT-PCR certificate not older than 72 hours: Karnataka Government