ബെംഗളൂരു: സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി. ഇക്കാര്യം സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.

സംസ്ഥാനത്ത് മതപരിവര്‍ത്തനം വ്യാപകമാണെന്ന എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തന്റെ അമ്മ അടുത്തകാലത്ത് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതായും ശേഖര്‍ വെളിപ്പെടുത്തിയിരുന്നു. 

ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹൊസദുര്‍ഗ മണ്ഡലത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നതായി എം.എല്‍.എ ശേഖര്‍ ആരോപിച്ചിരുന്നു. ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതപരിവര്‍ത്തനം നടത്തി. ഇതില്‍ തന്റെ അമ്മയും ഉള്‍പ്പെടും. അമ്മയോട് അവര്‍ കുങ്കുമം ധരിക്കരുതെന്ന് നിര്‍ദേശിച്ചു. അമ്മയുടെ മൊബൈല്‍ റിങ് ടോണ്‍ പോലും ഇപ്പോള്‍ ക്രിസ്ത്യന്‍ ഭക്തി ഗാനമാണ്. വീട്ടിലിപ്പോള്‍ പൂജകളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആത്മഹത്യ ചെയ്തുകളയുമെന്നാണ് അമ്മയുടെ മറുപടി.

മുന്‍ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും കര്‍ണാടകയില്‍ മതപരിവര്‍ത്തനം വര്‍ധിച്ചു വരുന്നതിലുള്ള ആശങ്ക പരസ്യമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് പഠിക്കണമെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്‌ഗെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Karnataka home minister Araga Jnanendra says they are planning to bring anti-conversion bill