പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പി.എഫ്.ഐ.) നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. പി.എഫ്.ഐ. കര്‍ണാടക പ്രസിഡന്റായിരുന്ന നസീര്‍ പാഷയാണ് കോടതിയെ സമീപിച്ചിരുന്നത്.
സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നസീര്‍ പാഷ, ഭാര്യ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
യു.എ.പി.എയുടെ സെക്ഷന്‍ 3 (1) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് അഞ്ചു വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ആണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
ഇത്തരമൊരു നിയമം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് വ്യക്തമായ കാരണങ്ങള്‍ അധികാരികള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതുണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
നിരവധി സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന, നിരവധി ആളുകള്‍ പിന്തുടരുകയും പ്രയോജനം നേടുകയും ചെയ്ത സംഘടന, ഒരു കാരണവും വ്യക്തമാക്കാതെ, നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും നിരോധനം ഉടനടി പ്രാബല്യത്തിലാക്കുകയും ചെയ്തു. ഇത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും പി.എഫ്.ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയകുമാര്‍ എസ്. പാട്ടീല്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വ്യക്തമാക്കി.
Content Highlights: Karnataka High Court Dismisses Petition Questioning Ban On Popular Front
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..