ബെംഗളൂരു: ലോണിയില്‍ ഒരു മുസ്ലിം വൃദ്ധനെ അക്രമിച്ചതിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പോലീസ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്ക് നല്‍കിയ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.

ഉത്തര്‍പ്രദേശ് പോലീസിന് മഹേശ്വരിയെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ ആകാമെന്ന് കോടതി പറഞ്ഞു. നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് ഗാസിയാബാദ് പോലീസ് നല്‍കിയ നോട്ടീസ് കോടതി റദ്ദാക്കി.

സെക്ഷന്‍ 41 എ പ്രകാരം തനിക്ക് നോട്ടീസയച്ച യുപി പോലീസിന്റെ നടപടിയെ ചോദ്യം ചെയ്താണ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് പ്രകാരം അറസ്റ്റ് ഉള്‍പ്പെടയുള്ള നടപടികളില്‍ നിന്ന് മഹേശ്വരിക്ക് കോടതി ജൂണ്‍ 24-ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. 

വൃദ്ധനെ അക്രമിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതുമായി ബന്ധുപ്പെട്ട് ട്വിറ്റര്‍ എംഡി, കോണ്‍ഗ്രസ് നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഒമ്പത് പേര്‍ക്കെതിരെ യുപി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.